നൂറ് ശതമാനം ജോലി ഉറപ്പ് നല്‍കി പരസ്യം വേണ്ട: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയാന്‍ കോച്ചിങ് സെന്ററുകള്‍ക്ക് കേന്ദ്ര മാര്‍ഗരേഖ

നൂറ് ശതമാനം ജോലി ഉറപ്പ് നല്‍കി പരസ്യം വേണ്ട: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയാന്‍ കോച്ചിങ് സെന്ററുകള്‍ക്ക് കേന്ദ്ര മാര്‍ഗരേഖ

ന്യൂഡല്‍ഹി: കോച്ചിങ് സെന്ററുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് തടയിടാന്‍ അന്തിമ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം. 100 ശതമാനം ജോലി ലഭിക്കും എന്ന മട്ടിലുള്ള അവകാശവാദങ്ങള്‍ പാടില്ലെന്ന് മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. വിദ്യാര്‍ഥികളുടെ രേഖാമൂലമുള്ള അനുമതിയോടെ വേണം അവരെവച്ചു പരസ്യം നല്‍കാന്‍ എന്നും മാര്‍ഗരേഖയില്‍ പറയുന്നു.

ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈനിലൂടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ) തയ്യാറാക്കിയ അന്തിമ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.

അക്കാഡമിക് സപ്പോര്‍ട്ട്, ഗൈഡന്‍സ്, സ്റ്റഡി പ്രോഗ്രാം, ട്യൂഷന്‍ എന്നി നിര്‍വചനങ്ങളില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളും മാര്‍ഗരേഖയുടെ പരിധിയില്‍ വരും. കുറഞ്ഞത് 50 കുട്ടികള്‍ ഉണ്ടാകണം. സ്‌പോര്‍ട്‌സ്, ഡാന്‍സ് അടക്കമുള്ള കലാകായിക ക്ലാസുകള്‍ക്ക് ഇത് ബാധകമല്ല.

സിസിപിഎ ഇതുവരെ 54 കോച്ചിങ് സെന്ററുകള്‍ക്ക് നോട്ടീസ് നല്‍കുകയും, 54.60 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. കോച്ചിങ് സെന്ററുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ബോധപൂര്‍വം വിവരങ്ങള്‍ മറച്ചുവെക്കുന്നതായി കണ്ടെത്തി. ഇത്തരം കോച്ചിങ് സെന്ററുകളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത് എന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖരെ പറഞ്ഞു.

മാര്‍ഗരേഖയിലെ പ്രധാന വ്യവസ്ഥകള്‍

കോച്ചിങ് സെന്ററുകളുടെ പരസ്യങ്ങളില്‍ പേര്, ചിത്രം, വീഡിയോ ഉപയോഗിക്കാന്‍ ഉദ്യോഗാര്‍ത്ഥിയുടെ രേഖാമൂലമുള്ള അനുമതി വേണം. ഫലം വന്നതിന് ശേഷം മാത്രമായിരിക്കണം അനുമതി തേടേണ്ടത്.

പരസ്യങ്ങളില്‍ 100 ശതമാനം ജോലി, സെലക്ഷന്‍ ഉറപ്പ് എന്ന മട്ടിലുള്ള അവകാശവാദങ്ങള്‍ വേണ്ട.

ഉദ്യോഗാര്‍ത്ഥിയുടെ സ്വന്തം പരിശ്രമത്തെ അവഗണിച്ച് കോച്ചിങ് കൊണ്ട് മാത്രമാണ് ഉന്നത വിജയം നേടിയത് എന്ന തരത്തില്‍ പരസ്യം വേണ്ട.

കോഴ്‌സുകള്‍, ഫീസ്, വിജയശതമാനം, റാങ്കിങ്, കോഴ്‌സുകളുടെ അംഗീകാരം സൗകര്യങ്ങള്‍ അടക്കമുള്ളവയില്‍ വ്യാജ അവകാശവാദങ്ങള്‍ പാടില്ല.

പരസ്യങ്ങളിലെ ചിത്രങ്ങള്‍ക്കൊപ്പം വിജയിയുടെ റാങ്ക്, ഓപ്റ്റ് ചെയ്തിരുന്ന കോഴ്‌സ്, ദൈര്‍ഘ്യം, കോഴ്‌സിന് ഫീസ് ഉണ്ടായിരുന്നോ എന്നത് അടക്കം വ്യക്തമാക്കണം.

പരസ്യങ്ങളില്‍ അവകാശവാദങ്ങളുടെ അതേ വലുപ്പത്തില്‍ നിബന്ധനങ്ങളും നല്‍കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.