യു.കെയില്‍ നഴ്‌സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു; വിട പറഞ്ഞത് കോട്ടയം സ്വദേശി

യു.കെയില്‍ നഴ്‌സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു; വിട പറഞ്ഞത് കോട്ടയം സ്വദേശി

ലണ്ടന്‍: യു.കെയില്‍ ജോലി സ്ഥലത്ത് കെട്ടിടത്തില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണമടഞ്ഞു. കോട്ടയം കടുത്തുരുത്തി സ്വദേശി അബിന്‍ മത്തായി(41) ആണ് മരണമടഞ്ഞത്.

ലങ്കാഷെയറിന് സമീപം ബ്ലാക്ക്‌ബേണിലെ നഴ്‌സിങ് ഹോമില്‍ ലോഫ്റ്റില്‍ അറ്റകുറ്റപണിക്കായി കയറിയ അബിന്‍ ഉയരത്തില്‍ നിന്നും തെന്നി വീഴുകയായിരുന്നു. ഉടന്‍ വിദഗ്ധ ചികിത്സ ലഭിക്കുന്ന പ്രെസ്റ്റന്‍ ഹോസ്പിറ്റലിലേക്ക് എയര്‍ ആംബുലന്‍സില്‍ എത്തിച്ചു. വീഴ്ച്ചയില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ അബിന്‍ മൂന്നു ദിവസമായി വെന്റിലേറ്ററിലായിരുന്നു.

ഒരു വര്‍ഷം മുന്‍പാണ് നഴ്‌സിങ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് അബിനും ഭാര്യ ഡയാനയും യു.കെയില്‍ എത്തിയത്. ഒരേ നഴ്‌സിംഗ് ഹോമില്‍ ഭാര്യ കെയററായും അബിന്‍ മെയിന്റനന്‍സ് വിഭാഗത്തിലുമാണ് ജോലി ചെയ്തിരുന്നത്.

കടുത്തുരുത്തി വെള്ളാശേരി വെട്ടുവഴിയില്‍ മത്തായിയുടെ മകനാണ്. റയാനും റിയയുമാണ് അബിന്റെ മക്കള്‍. അപകട വിവരമറിഞ്ഞ് അബിന്റെ സഹോദരന്‍ കാനഡയില്‍ നിന്ന് എത്തിയിട്ടുണ്ട്. സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. പൊതുദര്‍ശനത്തിന്റെയും സംസ്‌കാരത്തിന്റെയും വിവരങ്ങള്‍ പിന്നീട് അറിയിക്കും.

ആറു ദിവസത്തിനുള്ളിലെ അഞ്ചാമത്തെ മരണത്തിന്റെ വേദനയില്‍ ആണ് യുകെ മലയാളികള്‍. കഴിഞ്ഞ ആറു ദിവസങ്ങളിലായി ബെല്‍ഫാസ്റ്റിലെ ബിനോയ് അഗസ്റ്റിന്‍, മെയ്ഡസ്റ്റോണിലെ പോള്‍ ചാക്കോ, സ്പോള്‍ഡിങ്ങിലെ കുഞ്ഞു മാലാഖ അഥീന ജിനോ, സ്റ്റോക്ക്പോര്‍ട്ടിലെ നിര്‍മ്മല നെറ്റോ എന്നിവരുടെ വിയോഗ വാര്‍ത്തകള്‍ക്കിടെയാണ് അബിന്റെ മരണവും മലയാളികളെ തേടിയെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.