ഇംഫാൽ : സംഘർഷം രൂക്ഷമായ മണിപ്പൂരിലേക്ക് കൂടുതൽ സേനയെ അയക്കാൻ കേന്ദ്രം. 50 കമ്പനി സേനയെ കൂടി അയയ്ക്കാനാണ് തീരുമാനമായിരിക്കുന്നത്. 5,000ത്തിലധികം അംഗങ്ങളാകും സേനയിലുണ്ടാകുക.
ജിരിബാം ജില്ലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഈ മാസം 12 ന് 20 കമ്പനി സേനയെ കേന്ദ്രം അയച്ചിരുന്നു. ഇതിന് ശേഷവും സംഘർഷം വർധിച്ചതോടെയാണ് കൂടുതൽ സേനയെ അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. സിആർപിഎഫിൽ നിന്ന് 35ഉം ബിഎസ്എഫിൽ നിന്ന് 15ഉം സേനയെയാണ് അധിക സുരക്ഷയ്ക്കായി അയയ്ക്കുന്നത്.
സംഘർഷം തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം നീട്ടി. ബുധനാഴ്ച വരെ നിയന്ത്രണം തുടരും. ഇംഫാൽ വെസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, തൗബാൽ, കാങ്‌പോക്പി, ചുരാചന്ദ്പൂർ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നത്.
അതേസമയം മണിപ്പൂരിൽ അക്രമം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്തിൻ്റെ സുരക്ഷാ പ്രശ്‌നങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം ദിവസമാണ് ചർച്ചകൾ നടന്നത്.