മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് നേരെ നാഗ്പുരില്‍വച്ച് ആക്രമണം. പരിക്കേറ്റ ദേശ്മുഖിനെ ഉടന്‍തന്നെ കടോള്‍ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് അലക്സിസ് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ദേശ്മുഖിന്റെ നെറ്റിയില്‍ കല്ല് കൊണ്ടതായും പൊലീസ് വ്യക്തമാക്കി.
അനില്‍ ദേശ്മുഖിന്റെ കാര്‍ തിങ്കളാഴ്ച രാത്രി നാഗ്പുര്‍ ജില്ലയിലെ കടോളിന് സമീപം ജലാല്‍ഖേഡ റോഡില്‍ ബെല്‍ഫറ്റയ്ക്ക് സമീപത്താണ് ആക്രമണത്തിനിരയായത്. പൊലീസ് പറയുന്നതനുസരിച്ച്, രാത്രി എട്ടോടെ നാഗ്പുര്‍ ജില്ലയിലെ കടോള്‍ നിയമസഭാ മണ്ഡലത്തിലെ നാര്‍ഖേഡില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മടങ്ങുമ്പോള്‍ അജ്ഞാതരായ ആളുകള്‍ അദ്ദേഹത്തിന്റെ കാറിന് നേരേ കല്ലെറിയുകയായിരുന്നു.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതായി നാഗ്പുര്‍ റൂറല്‍ പൊലീസ് സൂപ്രണ്ട് ഹര്‍ഷ് പൊദ്ദാര്‍ പറഞ്ഞു. അന്വേഷണം ആരംഭിച്ചു.