ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 (ജിസാറ്റ് എന്‍2) വിജയകരമായി വിക്ഷേപിച്ചു. ഇന്നലെ അര്‍ധരാത്രി 12:01 ന് ഫ്‌ളോറിഡയിലെ കേപ്പ് കനാവറില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്‌സിന്റെ ഉടമസ്ഥതയിലുള്ള ഫാല്‍ക്കണ്‍-9 റോക്കറ്റിലേറിയാണ് ജിസാറ്റ് 20 പറന്നുയര്‍ന്നത്. 34 മിനിട്ടുകള്‍ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹം വേര്‍പ്പെട്ട് ഭ്രമണപഥത്തില്‍ എത്തിച്ചേര്‍ന്നു.
ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളിലും സമുദ്ര, ആകാശ പരിധികളിലും ഉള്‍പ്പെടെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഉപഗ്രഹമാണ് ജിസാറ്റ് 20. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങള്‍ക്കുള്ളിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് ഈ ഉപഗ്രഹം സഹായിക്കും.
ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡാണ് ജിസാറ്റ് 20 ഉപഗ്രഹം നിര്‍മിച്ചത്. ഭൂനിരപ്പില്‍ നിന്ന് 36000X170 കിലോമീറ്റര്‍ ഭൂസ്ഥിര കൈമാറ്റ ഭ്രമണപഥത്തിലാണ് ജിസാറ്റ് എത്തിച്ചേര്‍ന്നിരിക്കുന്നത്. 4700 കിലോഗ്രാം ഭാരമാണ് ഉപഗ്രഹത്തിനുള്ളത്. ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ എല്‍വിഎം-3 യുടെ പരമാവധി വാഹകശേഷിയെക്കാള്‍ കൂടുതലാണ് ഈ ഭാരം.
ഇത്രയും ഭാരമുള്ള ഉപഗ്രഹം വിക്ഷേപണം നടത്താന്‍ ഇന്ത്യന്‍ റോക്കറ്റുകള്‍ക്ക് കഴിയാത്തതിനാലാണ് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റിന്റെ സഹായം ഐഎസ്ആര്‍ഒ തേടിയത്. മുന്‍പ് ഇത്തരം റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിന് ഇന്ത്യ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഏരിയന്‍ റോക്കറ്റുകളെ ആയിരുന്നു ആശ്രയിച്ചിരുന്നത്.