മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ വിനോദ് താവ്ഡെയെ അഞ്ച് കോടി രൂപയുമായി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി.
പല്‍ഖാര്‍ ജില്ലയില്‍ വിരാറിലെ ഹോട്ടലില്‍ വെച്ച് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരാണ് ബിജെപിയുടെ ദേശീയ നേതാവിനെ കള്ളപ്പണവുമായി കൈയ്യോടെ പൊക്കിയത്. ഹോട്ടലില്‍ ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.
പണം നല്‍കാനുള്ളവരുടെ പേര് അടങ്ങുന്ന ഡയറിയും താവ്ഡെയില്‍ നിന്ന് കണ്ടെത്തിയെന്നാണ് പുറത്തു വരുന്ന വിവരം. ഇത്തരത്തില്‍ രണ്ട് ഡയറികള്‍ കണ്ടെത്തിയെന്ന് ബഹുജന്‍ വികാസ് അഘാഡി നേതാവ് ഹിതേന്ദ്ര താക്കൂര്‍ പറഞ്ഞു. 15 കോടി രൂപയാണ് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടതെന്നും ഇതിനെ കുറിച്ച് ഡയറിയില്‍ പറയുന്നുണ്ടെന്നും ഹിതേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
പണ വിതരണം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ ഹോട്ടലിലെത്തിയത്. തുടര്‍ന്ന് വിനോദ് താവ്ഡെയെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
പൊലീസ് എത്തി വിനോദ് താവ്‌ഡെയെ സ്ഥലത്ത് നിന്ന് മാറ്റി. നല സോപാരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ രാജന്‍ നായിക്ക് വോട്ടര്‍മാര്‍ക്കായി വിതരണം ചെയ്യാനായി എത്തിച്ചതാണ് പണമെന്നാണ് ആരോപണം.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി കോടികള്‍ ഒഴുക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിനോദ് താവ്ഡെയെ പോലുള്ള മുതിര്‍ന്ന ദേശീയ നേതാക്കള്‍ ഉള്‍പ്പടെ ഇതില്‍ നേരിട്ട് പങ്കാളികളാവുകയാണ്. ഞെട്ടിക്കുന്ന സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
എന്‍സിപി നേതാവ് സുപ്രിയ സുലേയും ബിജെപിക്കെതിരെ ആരോപണവുമായി രംഗത്തെത്തി. നോട്ട് നിരോധനം നടപ്പിലാക്കിയ ബിജെപി തന്നെയാണ് മഹാരാഷ്ട്രയില്‍ കോടികള്‍ ഒഴുക്കുന്നത്. എവിടെ നിന്നാണ് ഇത്രയും പണം വരുന്നത്. താവ്ഡെയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഇതിന്റെ ഭാഗമാവുന്നത് ഞെട്ടിക്കുന്നതാണെന്നും സുലേ പറഞ്ഞു.
അതേസമയം ബിജെപി നേതൃത്വം ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് രംഗത്തെത്തി. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ബഹുജന്‍ വികാസ് അഘാഡിയുടെ നാടകമാണിതെന്നും തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനാണ് താവ്ഡെ ഹോട്ടലിലെത്തിയതെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്നും സിസി ടിവി ദൃശ്യങ്ങളുള്‍പ്പടെ പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ ബിജെപിയുടെ പ്രധാന നേതാവായ വിനോദ് താവ്ഡെ പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ഒരാളാണ്.