ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വഖഫ് ഭേദഗതി ബില്‍ അടക്കം 16 ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കും. ഡിസംബര്‍ 20 വരെ നീളുന്ന സമ്മേളനത്തിന് മുന്നോടിയായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി രാവിലെ 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കും.
അതേസമയം അദാനിക്കെതിരെ യു.എസ് കോടതി കേസെടുത്തതും മണിപ്പുരിലെ കലാപവും തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ആരോപണവും അടക്കം ഉയര്‍ത്തി സമ്മേളനം പ്രതിപക്ഷം പ്രക്ഷുബ്ധമാക്കാനും സാധ്യതയുണ്ട്.
ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കേരളത്തില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ്, ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.കെ പ്രേമചന്ദ്രന്‍, കെ. രാധാകൃഷ്ണന്‍, പി. സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷിന് പകരം ഹിന്ദിയില്‍ ഉത്തരങ്ങള്‍ നല്‍കുന്നത് തിരുത്തണമെന്ന് യോഗത്തില്‍ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് രാജ്നാഥ് സിങ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
അദാനി വിഷയം ചര്‍ച്ച ചെയ്യുന്നതടക്കമുള്ള കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ബിസിനസ് അഡൈ്വസറി കമ്മിറ്റിയാണെന്നും പ്രധാനമന്ത്രിക്കും കമ്മിറ്റിക്കും മുന്‍പാകെ വിവരം അറിയിക്കാമെന്നും രാജ്നാഥ് സിങ് പ്രതിപക്ഷത്തിന് മറുപടി നല്‍കി. 26 ന് ഭരണഘടനാ ദിനാചരണത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പഴയ പാര്‍ലമെന്റ് മന്ദിരമായ സംവിധാന്‍ സദനിലെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇരുസഭകളിലെയും എം.പിമാരെ അഭിസംബോധന ചെയ്യും.
അതേസമയം വയനാട്ടില്‍ നിന്ന് ജയിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ബുധനാഴ്ചയോ വ്യാഴാഴ്ചയോ സത്യപ്രതിജ്ഞ ചെയ്‌തേക്കും. ഉരുള്‍പൊട്ടല്‍ വിഷയമാവും ആദ്യമായി പ്രിയങ്ക പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. മലയാളം പഠിക്കുന്നതും പ്രിയങ്കയുടെ പരിഗണനയില്‍ ഉണ്ടെന്നാണ് സൂചന. ഈയാഴ്ച അവസാനം പ്രിയങ്ക വയനാട്ടിലെത്തും.