ന്യൂഡല്‍ഹി: ഇന്ത്യയുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന തീവ്രവാദ സംഘടനകള്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സുപ്രീം കോടതിയില്‍ ഭരണഘടനാ ദിനാചരണത്തില്‍ പ്രസംഗിക്കവെയാണ് അദേഹം നിലപാട് വ്യക്തമാക്കിയത്. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അദേഹം ആദരാഞ്ജലി അര്‍പ്പിച്ചു.
ജനാധിപത്യത്തിന്റെ ഈ നിര്‍ണായക ഉത്സവം നാം അനുസ്മരിക്കുന്ന വേളയില്‍, ഇന്ന് മുംബൈയിലെ ഭീകരാക്രമണത്തിന്റെ വാര്‍ഷികം ആണെന്നത് മറക്കാനാവില്ലെന്നും അദേഹം പറഞ്ഞു. ഇന്ത്യയുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന എല്ലാ തീവ്രവാദ സംഘടനകള്‍ക്കും തക്കതായ മറുപടി നല്‍കുമെന്ന രാജ്യത്തിന്റെ ദൃഢനിശ്ചയം ആവര്‍ത്തിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഭരണഘടന ഒരു വക്കീലിന്റെ രേഖ മാത്രമല്ല എല്ലാവര്‍ക്കും വഴികാട്ടുന്ന വെളിച്ചമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയാണ് നമ്മുടെ വഴികാട്ടി. അത് നമുക്ക് ശരിയായ പാത കാണിച്ചുതരുന്നു. അടിയന്തരാവസ്ഥ കാലഘട്ടവും തങ്ങള്‍ കണ്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കാശ്മീരിലും ആദ്യമായി ഭരണഘടന പൂര്‍ണമായും നടപ്പാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു.