ഫെംഗല്‍ ചുഴലിക്കാറ്റ്: തമിഴ്നാട്ടില്‍ കനത്ത മഴ; ഏഴ് എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

 ഫെംഗല്‍ ചുഴലിക്കാറ്റ്: തമിഴ്നാട്ടില്‍ കനത്ത മഴ; ഏഴ് എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

ചെന്നൈ: തമിഴ്നാടിന്റെ പല ഭാഗങ്ങളിലും കനത്ത മഴ. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ഫെംഗല്‍ ചുഴലിക്കാറ്റായി രൂപപ്പെട്ടിരിക്കുന്നത്. നിര്‍ത്താതെ പെയ്ത മഴയില്‍ ചെന്നൈയിലെ ഒഎംആര്‍ റോഡുള്‍പ്പെടെ പലയിടത്തും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് എന്‍ഡിആര്‍എഫിന്റെ ഏഴ് ടീമുകളെ വിവിധ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

നാഗപട്ടണം, മയിലാടുതുറൈ, തിരുവാരൂര്‍ എന്നിവയുള്‍പ്പെടെ നിരവധി ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും സംഘങ്ങളെ ദുരന്തബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തിയ ജില്ലാ കളക്ടര്‍മാരും ഐഎഎസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു

ആവശ്യത്തിന് ദുരിതാശ്വാസ ക്യാമ്പുകളും മെഡിക്കല്‍ ക്യാമ്പുകളും ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ സജ്ജമായതായി കളക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാന-ജില്ലാതല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്.

ചെന്നൈയിലും സമീപ പ്രദേശങ്ങളായ ചെങ്കല്‍ പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, കടലൂര്‍, നാഗപട്ടണം ഉള്‍പ്പെടെയുള്ള കാവേരി ഡെല്‍റ്റ പ്രദേശങ്ങളിലും ചൊവ്വാഴ്ച കനത്ത മഴ പെയ്തു. നവംബര്‍ 26 ന് തമിഴ്നാട്ടിലെ മയിലാടുതുറൈ, കാരക്കല്‍, തിരുവാരൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.