ബംഗളൂരു: ഇന്ദിരാ നഗറില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ആണ്‍ സുഹൃത്തും മലയാളിയുമായ ആരവിന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതോടെ യുവതിയുടെ ആണ്‍ സുഹൃത്ത് കണ്ണൂര്‍ സ്വദേശി ആരവിനെ തിരഞ്ഞ് പൊലീസ് കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
അസം സ്വദേശിയും ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയുമായ മായ ഗൊഗോയി(25)യെയാണ് സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒന്നിലധികം തവണ കുത്തേറ്റ നിലയിലാണ് മൃതശരീരം കാണപ്പെട്ടത്.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും മായ ഗൊഗോയിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആരവ് യുവതിയുമായി അപ്പാര്‍ട്‌മെന്റില്‍ എത്തിയതെന്നും പൊലീസ് പറയുന്നു. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായിരുന്നില്ല. ഇതാണ് കൊലപാതകത്തിലേയ്ക്ക് എത്തിയതെന്ന് ബഗുളൂരു ഈസ്റ്റ് ഡിസിപി ദേവരാജ് വ്യക്തമാക്കി.
അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുക്കാന്‍ ഇരുവരും ഒരുമിച്ചെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് കടന്നുകളഞ്ഞതായാണ് പൊലീസ് നിഗമനം. യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍കൂടിയായിരുന്നു കൊല്ലപ്പെട്ട മായ ഗൊഗോയി.