ന്യൂഡൽഹി: ഡൽഹിയിലെ പ്രശാന്ത് വിഹാറിൽ വൻ സ്ഫോടനം. പ്രശാന്ത് വിഹാറിലെ പിവിആർ തിയേറ്ററിന് പുറത്താണ് സ്ഫോടനം ഉണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫോറൻസിക് വിഭാഗവും നടത്തിയ പരിശോധനയിൽ വെളുത്ത പൊടിപോലുളള പദാർത്ഥം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഇന്ന് രാവിലെ 11.48ന് സ്‌ഫോടനത്തെക്കുറിച്ചുള്ള ഭീഷണി സന്ദേശം ലഭിച്ചിരുന്നു എന്നും റിപ്പോർട്ടുണ്ട്.
ഒരു മാസം മുമ്പ് പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് സമീപം ചെറു സ്ഫോടനം നടന്നിരുന്നു. അന്നും സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് വെളുത്ത പൊടിപോലുളള വസ്തു ലഭിച്ചിരുന്നു. അതിനാൽ രണ്ട് സ്‌ഫോടനങ്ങൾക്ക് പിന്നിലും ഒരേസംഘമാണോ എന്ന സംശയമുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷമേ എന്തെങ്കിലും പറയാനാവൂ എന്നാണ് പൊലീസ് പറയുന്നത്.