കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കാളായ നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ നിര്‍മാണത്തിന് ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ലെന്ന് പൊലീസിന്റെ കണ്ടെത്തല്‍.
പറവ ഫിലിംസിന്റെ ഉടമകള്‍ സിനിമയുടെ ചിത്രീകരണത്തിനായി സ്വന്തം കൈയില്‍ നിന്ന് നയാ പൈസ ചെലവാക്കിയിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ 28.35 കോടി രൂപയാണ് പലരായി നിര്‍മാതാക്കളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. ജിഎസ്ടി അടച്ച രേഖകളില്‍ നിന്നാണ് സിനിമയുടെ ചെലവ് കണക്കാക്കിയത്.
ആഗോള തലത്തില്‍ 250 കോടി കോടി രൂപ കളക്ട് ചെയ്ത മഞ്ഞുമ്മല്‍ ബോയ്സിന് ആകെ ചെലവായത് 18.62 കോടി മാത്രമാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. സിനിമയുടെ വിതരണക്കാരായ ബിഗ് ഡ്രീംസ് ഫിലിംസിന്റെ അക്കൗണ്ടില്‍ മാത്രം 45 കോടിയിലധികം രൂപയുടെ കളക്ഷന്‍ വന്നതായി പൊലീസ് പറയുന്നു.
വരവ് ചെലവ് കണക്കുകളില്‍ വലിയ പൊരുത്തക്കേടുകള്‍ ഉള്ളതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു.
തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇ.ഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കളായ സൗബിനെതിരെയടക്കം ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്.
ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭ വിഹിതമോ മുടക്ക് മുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു സിറാജിന്റെ ആരോപണം.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണം നടക്കുന്നത്.