ന്യൂഡല്‍ഹി: ആം ആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജരിവാളിന്റെ മുഖത്ത് യുവാവ് ദ്രാവകമൊഴിച്ചു. ഇന്ന് ഡല്‍ഹിയില്‍ പാര്‍ട്ടി പ്രചാരണ പരിപാടിക്കെത്തിയ അരവിന്ദ് കെജരിവാളിന്റെ മുഖത്ത് യുവാവ് ദ്രാവകമൊഴിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ഉടനടി ഇടപെട്ടതാണ് കെജരിവാളിന് രക്ഷയായത്.
അരവിന്ദ് കെജരിവാളിന് അടുത്തേക്ക് യുവാവ് എത്തുന്നതും പിന്നീട് ദ്രാവകമൊഴിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തു വന്നു. കെജരിവാള്‍ മുഖം തുടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആം ആദ്മി ആരോപിച്ചു.
ബിജെപി നേതാക്കള്‍ ഡല്‍ഹിയിലുടനീളം റാലികള്‍ നടത്തുന്നുണ്ടെന്നും അവര്‍ ഒരിക്കലും ആക്രമിക്കപ്പെടുന്നില്ലെന്നും എഎപി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. ബിജെപി നിരന്തരം അരവിന്ദ് കെജരിവാളിനെ ആക്രമിക്കുകയാണ്.
നാഗോലയിലും ഛാത്തര്‍പൂരിലും കെജരിവാള്‍ ആക്രമിക്കപ്പെട്ടു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറും ആഭ്യന്തര മന്ത്രിയും ഒന്നും ചെയ്യുന്നില്ലെന്നും അദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ വിവിധ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വെടിവെയ്പ് തുടര്‍ക്കഥയാകുകയാണെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഗുണ്ടാ സംഘങ്ങള്‍ ജനങ്ങളോട് പണമാവശ്യപ്പെടുന്ന സാഹചര്യമാണ്. ഗ്രേറ്റര്‍ കൈലാഷില്‍ ജിം ഉടമ കൊല്ലപ്പെട്ടു. പഞ്ചശീലില്‍ ഒരാളെ കുത്തിക്കൊല്ലുകയും ചെയ്തു. കെജരിവാള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്നും സൗരഭ് ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.