മുംബൈ: ഇന്ത്യയില്‍ ജനസംഖ്യ കുറയുന്നതില്‍ ആശങ്ക അറിയിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. രാജ്യത്തെ ജനസംഖ്യാ നിരക്ക് കുറയാതിരിക്കാന്‍ കുടുംബത്തില്‍ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ഒരു സമൂഹത്തിന്റെ നിലനില്‍പിന് ജനസംഖ്യാ സ്ഥിരത അനിവാര്യമാണെന്നും അദേഹം വ്യക്തമാക്കി. നാഗ്പൂരില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ജനസംഖ്യാ വളര്‍ച്ചാനിരക്ക് 2.1 ല്‍ താഴെ ആയാല്‍ ആ സമൂഹം വംശനാശത്തെ അഭിമുഖീകരിക്കുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. ആ സമൂഹം അപ്രത്യക്ഷമാകാന്‍ ബാഹ്യ ഭീഷണികള്‍ ആവശ്യമില്ല. അതിനാല്‍ നമ്മുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 2.1 ല്‍ താഴെ ആകരുത്. ലോകത്ത് നിന്ന് പല സമൂഹങ്ങളും ഭാഷകളും ഇതുമൂലം വേരറ്റുപോയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ ഒരു കുടുംബത്തിന് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ആവശ്യമാണ്. ഒരു സമുദായത്തില്‍ ജനസംഖ്യ കുറഞ്ഞാല്‍ ആ സമുദായം ഇല്ലാതാകുമെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
നിലവില്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. അടുത്തിടെ പുറത്തിറക്കിയ യു.എന്‍ വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ട്‌സ് റിപ്പോര്‍ട്ട് പ്രകാരം 2062 ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ ജനസംഖ്യ കുറയുമെന്നാണ് റിപ്പോര്‍ട്ട്.