ടോയ്ഫന്‍: ലൈറ്റ് ഇന്‍ ലൈഫ് എന്ന സ്വിസ് ചാരിറ്റി ഓര്‍ഗനൈസേഷന്‍ പത്താം വാര്‍ഷികാഘോഷങ്ങളുടെ നിറവില്‍. സ്വിറ്റ്‌സര്‍ലന്‍ഡില്‍ താമസമാക്കിയ 14 കുടുംബങ്ങള്‍ ചേര്‍ന്ന് അശരണര്‍ക്കും ആലംബഹീനര്‍ക്കും കൈത്താങ്ങാകാന്‍ 2013 ല്‍ ആണ് ലൈറ്റ് ഇന്‍ ലൈഫ് എന്ന സംഘടന തുടങ്ങിയത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് ഈ സംഘടന സാമൂഹ്യ പ്രതിബദ്ധതയുള്ള 19 കുടുംബങ്ങളുടെ സമര്‍പ്പിത ശൃംഖലയായി വളര്‍ന്നു.
നിരാലംബരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം, ഭവന രഹിതര്‍ക്ക് അഭയം, ഭിന്നശേഷിക്കാര്‍ക്ക് യാത്രാ സൗകര്യം തുടങ്ങിയ മേഖലകളിലുള്ള സംഘടനയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. ഭരണപരമായ ചിലവുകളില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയെ സ്വിറ്റസര്‍ലന്‍ഡില്‍ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ സംഘടനയില്‍ ലഭിക്കുന്ന എല്ലാ സംഭാവനകളും പൂര്‍ണമായും അര്‍ഹരായവര്‍ക്ക് നേരിട്ട് നല്‍കുന്നു.
കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭവന രഹിതര്‍ക്ക് 118 വീടുകള്‍, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ നാല് സ്‌കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങിയവ പൂര്‍ത്തിയാക്കുവാന്‍ ലൈറ്റ് ഇന്‍ ലൈഫിന് സാധിച്ചു. സമൂഹം പലപ്പോഴും അവഗണിക്കുന്ന ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക്, നൂറുകണക്കിന് വീല്‍ ചെയറുകളും ഈ കാലയളവില്‍ വിതരണം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം അവസാനം ദശാബ്ധി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച മഡഗാസ്‌കറിലെ അങ്കിലിമിട, അംബോഹി മെന എന്നീ പ്രവിശ്യകളില്‍ രണ്ട് ഹൈസ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സംഘടനയ്ക്ക് സാധിച്ചു.
ഈ സ്‌കൂളുകളുടെ കൂദാശ കര്‍മ്മവും ഉദ്ഘാടനവും നവംബറില്‍ ലൈറ്റ് ഇന്‍ ലൈഫ് പ്രസിഡന്റ ഷാജി അടത്തലയുടെ സാന്നിധ്യത്തില്‍ മഡഗാസ്‌കറില്‍ മൊറോണ്ടവ രൂപതയുടെ സഹായ മെത്രാന്‍ ബിഷപ്പ് ജീന്‍ നിക്കൊളാസ് നിര്‍വ്വഹിച്ചു.
കഴിഞ്ഞ ആറ് വര്‍ഷമായി ലൈറ്റ് ഇന്‍ ലൈഫിന്റെ പ്രത്യേക വിദ്യാഭ്യാസ പദ്ധതിയായ 'ലൈറ്റ് ഫോര്‍ ചൈല്‍ഡ്' എന്ന സംരംഭത്തിന് കീഴില്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 210 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കി വരുന്നു. കഴിഞ്ഞ വര്‍ഷം ഈ സംരംഭം മഡഗാസ്‌കറിലേക്ക് കൂടി വ്യാപിപ്പിച്ചതിനെ തുടര്‍ന്ന് അവിടെയുള്ള 100 വിദ്യാര്‍ത്ഥികള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു.
നാളിതുവരെ ഇന്ത്യയിലും മഡഗാസ്‌കറിലുമായി, ലൈറ്റ് ഇന്‍ ലൈഫിന്റെ സഹകാരികളുമായി ചേര്‍ന്ന് ഏതാണ്ട് രണ്ട് മില്യണ്‍ സ്വിസ് ഫ്രാങ്കനുള്ള (19 കോടി രൂപ) ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സംഘടന നടപ്പിലാക്കിയത്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഒരു മില്യണ്‍ സ്വിസ് ഫ്രാങ്കിന്റെ വിവിധ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
പത്താം വാര്‍ഷികത്തിന്റെ അവസാനഘട്ട ആഘോഷങ്ങള്‍ കഴിഞ്ഞ നവംബര്‍ 23 ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ടോയ്ഫെനില്‍ നടത്തപ്പെട്ടു. ടോയ്ഫന്‍ നഗരസഭ പ്രസിഡന്റ് റെറ്റോ ആള്‍ട്ടെര്‍, ടോയ്ഫന്‍-ബ്യൂലര്‍ കാത്തലിക് കമ്മ്യൂണിറ്റി പ്രതിനിധി സ്റ്റെഫന്‍ സ്റ്റൗബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പാലസ് ഓണ്‍ വീല്‍സ് എന്ന സ്വീഡിഷ് മ്യൂസിക് ബാന്‍ഡിന്റെ സിത്താര്‍ കണ്‍സേര്‍ട്ടും ടോയ്ഫന്‍ നഗരത്തിലെ ഹെയ്മാറ്റ് കോര്‍ലി ഒരുക്കിയ പരമ്പരാഗത സംഗീതവും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.
'വെളിച്ചമാകൂ ജീവിതത്തിന് വെളിച്ചമേകൂ' എന്ന ആപ്തവാക്യത്തോടെ, ജീവിതത്തെ പരിവര്‍ത്തനം ചെയ്യാനുള്ള പ്രതിബദ്ധതയോടെ 'ലൈറ്റ് ഇന്‍ ലൈഫ്' ശോഭനമായ ഒരു നാളെയിലേക്ക്, പ്രത്യാശയുടെ തിരിനാളമായി നിലകൊള്ളുന്നു.