ന്യൂഡല്‍ഹി: 1991 ലെ ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സുപ്രീം കോടതി ഡിസംബര്‍ 12 ന് പരിഗണിക്കും. ഇതിനായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് രൂപികരിച്ചിട്ടുണ്ട്.
കാശി രാജ കുടുംബത്തിലെ മഹാരാജാ കുമാരി കൃഷ്ണ പ്രിയ, ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, മുന്‍ പാര്‍ലമെന്റ് അംഗം ചിന്താമണി മാളവ്യ അടക്കമുള്ള നിരവധി പേരാണ് 1991 ലെ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.
നിയമം ഏകപക്ഷീയവും യുക്തി രഹിതവുമാണ്. കൂടാതെ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 25 മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
2020 മുതല്‍ കോടതിയുടെ പരിഗണനയിലാണ് ഈ കേസ്. 2021 മാര്‍ച്ചില്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. അതിന് ശേഷവും ഇതുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജികളില്‍ നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. ഇതിനിടെ ഹര്‍ജികള്‍ നിരവധി തവണ സുപ്രീം കോടതി നീട്ടി വച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 11 നും പിന്നീട് ഒക്ടോബര്‍ 31 നകവും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
1947 ഓഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന ഘട്ടത്തില്‍ ആരാധനാലയങ്ങള്‍ ഏത് മതത്തിന്റെ കൈവശമായിരുന്നോ തല്‍സ്ഥിതി തുടരുന്നത് ഉറപ്പ് വരുത്തുന്നതാണ് 1991 ലെ ആരാധനാലയ നിയമം.