ന്യൂഡല്‍ഹി: സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ആര്‍ത്തവ ശുചിത്വനയം നടപ്പാക്കുന്നതിന് കര്‍മ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍(യു.ടി) ക്കും നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. നവംബര്‍ രണ്ടിനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടിയുള്ള ആര്‍ത്തവ ശുചിത്വ നയത്തിന് അംഗീകാരം നല്‍കിയത്.
ആര്‍ത്തവ ശുചിത്വനയം കാര്യക്ഷമമായി നടപ്പാക്കുന്നതിന് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രത്യേക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടുള്ള കര്‍മ പദ്ധതികള്‍ ആവശ്യമാണെന്ന് നവംബര്‍ 12ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നയം നടപ്പാക്കും.
ആര്‍ത്തവത്തെക്കുറിച്ചുള്ള ധാരണക്കുറവ് പലപ്പോഴും പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തെയും സഞ്ചാരങ്ങളെയും ദൈനംദിന പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നതിലേക്ക് നയിക്കാറുണ്ട്. ഇതിന് മാറ്റംവരുത്താന്‍ സ്‌കൂള്‍ സംവിധാനത്തിന് അകത്ത് തന്നെ അവബോധം സൃഷ്ടിക്കലാണ് നയത്തിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂളുകളില്‍ ആര്‍ത്തവ ശുചിത്വത്തിന് ആവശ്യമായ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കണമെന്നും നയത്തില്‍ പരാമര്‍ശമുണ്ട്.
ആര്‍ത്തവവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന ദോഷകരമായ പ്രവണതകള്‍ ഇല്ലാതാക്കണം, സുരക്ഷിതമായ ആര്‍ത്തവ ശുചിത്വ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കണം, ആര്‍ത്തവ മാലിന്യങ്ങള്‍ പരിസ്ഥിതി സൗഹൃദമായി സംസ്‌കരിക്കണം എന്നീ കാര്യങ്ങളും നയത്തില്‍ വ്യക്തമാക്കുന്നു.