ന്യൂഡല്‍ഹി: കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതോടെ പുനരാരംഭിച്ച പഞ്ചാബിലെ കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ച് ഹരിയാന പൊലീസ് ശംഭു അതിര്‍ത്തിയില്‍ വീണ്ടും തടഞ്ഞു. ഫെബ്രുവരി മുതല്‍ പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കര്‍ഷകരെ കോണ്‍ക്രീറ്റ് വേലി കെട്ടിയും കേന്ദ്ര സേനകളെ വിന്യസിച്ചുമാണ് പൊലീസ് നേരിട്ടത്.
യുദ്ധസമാന സാഹചര്യം ആയതിനാല്‍ കര്‍ഷകര്‍ തല്‍കാലം മാര്‍ച്ച് നിര്‍ത്തി. തുടര്‍നീക്കം ഇന്ന് തീരുമാനിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. വെള്ളിയാഴ്ചത്തേത് പോലെ 101 പേരുടെ സംഘമാണ് ഞായറാഴ്ചയും കാല്‍നടയായി മാര്‍ച്ച് നടത്തിയത്. അനുമതി ഇല്ലാത്തതിനാല്‍ കടത്തിവിടാനാകില്ലെന്ന് പൊലീസ് പറഞ്ഞു. കര്‍ഷകരാണെന്നതിന് തെളിവുണ്ടോയെന്ന് ചോദിച്ചത് തര്‍ക്കത്തിനിടയാക്കി. സ്ഥിതി സംഘര്‍ഷഭരിതമായതോടെ കണ്ണീര്‍വാതകഷെല്‍ പ്രയോഗിച്ചു. ഇന്നലെ ഉച്ച മുതല്‍ വൈകുന്നേരം വരെ ഈ നില തുടര്‍ന്നതോടെയാണ് മാര്‍ച്ച് നിര്‍ത്തിയത്.
10 പേര്‍ക്ക് പരിക്കേറ്റതായും ആറ് പേരുടെ നില ഗുരുതരമാണെന്നും സമരനേതാവ് സര്‍വന്‍ സിങ് പന്ദേര്‍ പറഞ്ഞു. പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദേഹം വ്യക്തമാക്കി.