ദമാസ്‌കസ്: തടവുകാര്‍ക്കെതിരെ നടക്കുന്ന ക്രൂര പീഡനങ്ങളുടെ പേരില്‍ കുപ്രസിദ്ധമാണ് സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിനടുത്തുള്ള സെയ്ദ്‌നയ ജയില്‍. 2011 ല്‍ സിറിയയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ 13000 ത്തോളം തടവുകാരെ ഇവിടെ തൂക്കിലേറ്റിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ബാഷര്‍ അസദ് സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ച വിമതര്‍ 'മനുഷ്യരുടെ കശാപ്പുശാല' എന്നറിയപ്പെടുന്ന സെയ്ദ്‌നയ ജയിലിലേക്ക് ഇരച്ചു കയറി തടവുകാരെ മുഴുവനും മോചിപ്പിച്ചു.
അസദ് ഭരണ കാലത്ത് സിറിയന്‍ തടവറയില്‍ കഴിയേണ്ടി വന്ന പിഞ്ചു ബാലനെയും ഒട്ടേറെ സ്ത്രീകളെയും വിമതര്‍ മോചിപ്പിച്ചതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. മോചിപ്പിക്കപ്പെട്ട കുട്ടിയുടെ വധശിക്ഷ ഞായറാഴ്ച നടപ്പാക്കേണ്ടതായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
മരണം നിശ്ചയിച്ചതിന്റെ തലേന്ന് ജീവിതത്തിലേക്കുള്ള വാതില്‍ തുറന്നു കിട്ടിയ ഭാഗ്യവാനാണ് സിറിയന്‍ എഴുത്തുകാരനായ ബാഷര്‍ ബര്‍ഹൂം( 63). ഏഴ് മാസമായി സൂര്യപ്രകാശം കാണാതെ സെയ്ദ്‌നയ തടവറയില്‍ കഴിയുകയായിരുന്നു. വിമത നീക്കത്തില്‍ സര്‍ക്കാര്‍ വീണതോടെ ജീവിതം തിരിച്ചു കിട്ടിയത് അദേഹത്തിന് ആദ്യം വിശ്വസിക്കാനായില്ല.
ഞായറാഴ്ചയായിരുന്നു ബര്‍ഹൂമിന്റെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. ദമാസ്‌കസിലെ തടവറയില്‍ രാവിലെ കണ്ണു തുറക്കുമ്പോള്‍ സെല്ലിനടുത്ത് ചിലയാളുകള്‍ നില്‍ക്കുന്നത് ബര്‍ഹൂം ഞെട്ടലോടെ കണ്ടിരുന്നു.
തന്റെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആണെന്ന് ഭയന്ന അദേഹത്തിന് അല്‍പസമയത്തിന് ശേഷം മാത്രമാണ് അത് താനടക്കമുള്ള തടവ് പുള്ളികളെ തുറന്നു വിടാന്‍ വന്ന വിമത സംഘത്തില്‍പ്പെട്ടവരാണന്ന് മനസിലായത്.
ജീവിച്ചിരിക്കുന്നു എന്ന് സ്വയം വിശ്വസിപ്പിക്കാനെന്നോണം ദമാസ്‌കസിലെ തെരുവിലൂടെ പലവട്ടം നടന്നു ബാഷര്‍ ബര്‍ഹൂം. മരണത്തിന്റെ വിളിയുമായെത്തേണ്ട ദിനത്തിന് തലേന്ന് ജീവിതത്തിന്റെ വാതില്‍ തുറന്നു കിട്ടിയതിന്റെ അതിശയം അദേഹത്തിന് ഇപ്പോഴും മാറിയിട്ടില്ല.
ക്രൂര പീഡനങ്ങളും പുറം ലോകമറിയാതെ വധ ശിക്ഷയും നടന്നിരുന്നു സെയ്ദ്നയ ജയിലിലെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു. ഈ തടവറ മാത്രമല്ല, അലെപ്പോ, ഹോംസ്, ഹമ എന്നിവിടങ്ങളിലെ ജിയിലുകളിലുള്ളവരെയെല്ലാം വിമതര്‍ സ്വതന്ത്രരാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി കാണാതായിരുന്ന പ്രിയപ്പെട്ടവര്‍ ഇക്കൂട്ടത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിരവധി കുടുംബങ്ങള്‍.