'ജോസ് കെ. മാണിക്ക് തിരുവമ്പാടി നല്‍കാം'; കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാന്‍ നീക്കം

'ജോസ് കെ. മാണിക്ക് തിരുവമ്പാടി  നല്‍കാം'; കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാന്‍ നീക്കം

വനനിയമ ഭേദഗതിയില്‍ കേരള കോണ്‍ഗ്രസിനുള്ള എതിര്‍പ്പ് മുതലെടുത്ത് അടര്‍ത്തി മാറ്റാന്‍ ശ്രമം.

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ നീക്കം. രമേശ് ചെന്നിത്തലയും മുസ്ലിം ലീഗുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതു സംബന്ധിച്ച് ലീഗ് നേതൃത്വം കേരള കോണ്‍ഗ്രസ് എം നേതാക്കളുമായി അനൗപചാരിക ചര്‍ച്ച നടത്തി.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വൈകാതെ കേരള കോണ്‍ഗ്രസ് എം നേതാക്കളെ കാണും. ജോസ് കെ. മാണിയുമായി രമേശ് ചെന്നിത്തല ആശയ വിനിമയം നടത്തും.

കേരള കോണ്‍ഗ്രസ് എമ്മിന് കോഴിക്കോട് തിരുവമ്പാടി സീറ്റ് വാഗ്ദാനം ചെയ്തതായാണ് സൂചന. ജോസ് കെ. മാണിയെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കാമെന്ന നിര്‍ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. മുസ്ലിം ലീഗ് മത്സരിച്ച് വരുന്ന തിരുവമ്പാടിയില്‍ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും സിപിഎമ്മാണ് വിജയിച്ചത്.

സര്‍ക്കാരിന്റെ വനനിയമ ഭേദഗതി സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ഈ അതൃപ്തി കൂടി മുതലെടുത്ത് കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാനാണ് നീക്കം. വനനിയമ ഭേദഗതി സംബന്ധിച്ച് മലയോരത്തെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഉള്ള ആശങ്ക കേരള കോണ്‍ഗ്രസ് എമ്മിന് അവഗണിക്കാന്‍ കഴിയുന്നതല്ല.

വനനിയമ ഭേദഗതി സംബന്ധിച്ച് ക്രൈസ്തവ സഭകളും ആശങ്ക പ്രകടിപ്പിച്ചത് കേരള കോണ്‍ഗ്രസ് എം ഗൗരവമായാണ് എടുത്തിരിക്കുന്നത്. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട അതൃപ്തി കേരള കോണ്‍ഗ്രസ് എം ഇടതു മുന്നണി നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.