തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി എട്ടുവരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. കലോത്സവത്തിന് ബസുകള്‍ വിട്ടുനല്‍കിയ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവം വന്‍ജനപങ്കാളിത്തത്തോടെ മുന്നേറുകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കലോത്സവത്തിനായി എത്തിയ ആയിരത്തോളം മത്സരാര്‍ഥികള്‍ക്ക് നഗരത്തിലെ 27 സ്‌കൂളുകളിലായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്ക് 16 സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്കു 11 സ്‌കൂളുകളിലുമാണ് താമസം സജ്ജമാക്കിയിട്ടുള്ളത്.
കലോത്സവത്തില്‍ വിധി നിര്‍ണയത്തിലടക്കം തെറ്റായ രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കും. വിധികര്‍ത്താക്കളെ വളരെ സൂക്ഷ്മതയോടെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. മുന്‍കാല കലോത്സവങ്ങളുടെ അനുഭവത്തില്‍ ചില കലാധ്യാപകരെ നിരീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്റലിജന്‍സിന്റേയും വിജിലന്‍സിന്റെയും കൃത്യമായ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ 10 ലക്ഷത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന മേളയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം. ആറ് മാസത്തോളം നീളുന്ന പരിശീലനങ്ങളും തയാറെടുപ്പുകളുമാണ് ഓരോ മത്സരത്തിന്റെയും പിന്നിലുള്ളത്. ഓരോ സ്‌കൂളും മത്സരബുദ്ധിയോടെയാണ് വിദ്യാര്‍ത്ഥികളെ ഇതിനായി തയ്യാറെടുപ്പിക്കുന്നത്. അത്തരം ഘട്ടങ്ങളില്‍ ചില കുട്ടികള്‍ക്കെങ്കിലും അത് സാമ്പത്തിക ബാധ്യതയായി തീരുന്നുണ്ട്. കലാപരമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ സാമ്പത്തികമായി പിന്നാക്കം ആയതിനാല്‍ ഒരുതരത്തിലും വിവേചനം അനുഭവിക്കാന്‍ പാടില്ല. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും അനാവശ്യ ധാരാളിത്തം ഒരിടത്തും ഇല്ലാതിരിക്കാനും അധ്യാപകര്‍ മുന്‍കൈ എടുക്കണം.
ഭാവി തലമുറയുടെ പ്രതിനിധികളായ കുഞ്ഞുങ്ങള്‍ പങ്കെടുക്കുന്ന ഈ മഹോത്സവം മികച്ച കൂട്ടായ്മയുടെയും പരസ്പര ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും മികച്ച ഉദാഹരണമായി മാറേണ്ടത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അധ്യാപകരും കലാധ്യാപകരും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.