കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെയും മകന്‍ ജിജേഷിന്റെയും മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍, വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ എന്നിവരെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്.
ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇന്ന് കേസ് പരിഗണിച്ച കോടതി 15 ന് കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാല്‍ നിര്‍ദേശവും നല്‍കി. 15 ന് വിശദമായ വാദം കേള്‍ക്കും. അന്ന് കോടതി രേഖകള്‍ പരിശോധിക്കും. അതിന് ശേഷമേ കോടതി കേസിന്റെ മെറിറ്റിലേക്ക് കടക്കുകയുള്ളൂവെന്നും പ്രതിഭാഗം അഭിഭാഷകന്‍ ടി.എം റഷീദ് പറഞ്ഞു.
എന്‍.എം വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്ത കേസിലാണ് ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ, വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, ഡിസിസി മുന്‍ ട്രഷറര്‍ കെ.കെ ഗോപിനാഥ്, അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് പി.വി ബാലചന്ദ്രന്‍ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തത്.
കെപിസിസി പ്രസിഡന്റിന് നല്‍കാന്‍ വിജയന്‍ എഴുതിയ കത്തില്‍ ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. പൊലീസ് അന്വേഷണത്തില്‍ ലഭിച്ച മൊഴികളും നേതാക്കളെ പ്രതി ചേര്‍ക്കുന്നതിലേക്ക് നയിച്ചതായാണ് വിവരം.