പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരത്തെ പീഡിപ്പിച്ച കേസിൽ നാലു പ്രതികളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി . ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 43 ആയി. കേസിൽ ഇതുവരെ 29 എഫ്ഐആറാണ് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.
കേസിന്റെ അന്വേഷണത്തിനായി ഡിഐജി അജിതാ ബീഗത്തിന്റെ മേൽനോട്ടത്തിൽ 25 ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കേസ് ദേശീയ ശ്രദ്ധാ കേന്ദ്രമായതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
അതിജീവിതയ്ക്ക് താൽക്കാലിക നഷ്ടപരിഹാരം നൽകണമെന്നാണ് അജിതാ ബീഗം സമർപ്പിച്ച പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. കുട്ടിയുടെ സംരക്ഷണത്തിന് ലെയ്സൺ ഓഫീസറായി വനിതാ എസ്‌ഐയെ നിയോഗിച്ചിട്ടുണ്ട്. കുട്ടിക്ക് കൗൺസിലിങ് ഉൾപ്പടെ വിദഗ്ധ ചികിത്സ ആവശ്യമെന്നും കുട്ടിയുടെ തുടർവിദ്യാഭ്യാസം ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ അറസ്റ്റിലേക്ക് നീങ്ങുന്നത് കൃത്യം തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള നിർദേശം.
പരിശീലകരും അയൽവാസികളും സഹപാഠികളുമുൾപ്പെടെ 60 ഓളം പേർ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. സ്കൂളിലെ കൗൺസിലിങ്ങിനിടെ ടീച്ചറോടാണ് കുട്ടി വിവരം തുറന്നുപറയുന്നത്. ഈ മൊഴി സിഡബ്ല്യുസിയുടേയും തുടർന്ന് പൊലീസിൻ്റെയും കൈയ്യിൽ എത്തുകയായിരുന്നു. കായിക പരിശീലനത്തിനെത്തിയപ്പോൾ അധ്യാപകരും പിന്നീട് സഹപാഠികളും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.
കുട്ടിയുടെ നഗ്നചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് കൂടുതൽ പേർ തേടിയെത്തിയത്. ഇവർ പെൺകുട്ടിയെ നിരന്തരം സമീപിക്കുകയും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു.