അന്‍വര്‍ ബംഗാളില്‍ നിന്ന് രാജ്യസഭാംഗമായേക്കും; ഒതുങ്ങിയവരെയും ഒതുക്കപ്പെട്ടവരെയും ഒപ്പം കൂട്ടാന്‍ നീക്കം

അന്‍വര്‍ ബംഗാളില്‍ നിന്ന് രാജ്യസഭാംഗമായേക്കും; ഒതുങ്ങിയവരെയും ഒതുക്കപ്പെട്ടവരെയും ഒപ്പം കൂട്ടാന്‍ നീക്കം

നിലമ്പൂര്‍: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പശ്ചിമബംഗാള്‍ സീറ്റില്‍ പി.വി അന്‍വര്‍ രാജ്യസഭാംഗമായേക്കും. എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും ഉള്‍പ്പെടെ പല പാര്‍ട്ടികളില്‍ നിന്നും ഒതുക്കപ്പെട്ടവരും ഒതുങ്ങിക്കൂടിയവരുമായ നേതാക്കളെ ഒപ്പം കൂട്ടി തൃണമൂല്‍ കോണ്‍ഗ്രസിനെ കേരളത്തില്‍ ശക്തമായൊരു രാഷ്ട്രീയപ്പാര്‍ട്ടിയാക്കുക എന്നതാണ് അന്‍വറിന്റെ പുതിയ ദൗത്യം.

മലയോര മേഖലയില്‍ സി.പി.എം വിരോധം എന്ന അജന്‍ഡയില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ വിവിധ ജനവിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് അണിചേര്‍ക്കാനാവുമെന്നാണ് അന്‍വറിന്റെയും ഒപ്പമുള്ളവരുടെയും വിശ്വാസം. വിവിധ കേരള കോണ്‍ഗ്രസുകളില്‍ നിന്നുള്ള ഒറ്റയൊറ്റ നേതാക്കളില്‍ പലരുമായും അന്‍വറും ഒപ്പമുള്ളവരും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്‍.സി.പി പോലുള്ള പാര്‍ട്ടികളിലെ ചില നേതാക്കളും ചില മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരും ഒപ്പം ചേരാന്‍ താല്‍പര്യപ്പെടുന്നുണ്ടെന്ന് അന്‍വറിനൊപ്പമുള്ള ചില നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസിനുള്ളില്‍ നിന്നും ഇടതുപക്ഷത്ത് നിന്നും ഒറ്റപ്പെട്ടവരും ഒതുക്കപ്പെട്ടവരുമായ ചില പ്രാദേശിക നേതാക്കളും പുതിയൊരു രാഷ്ട്രീയ സാധ്യതയായി തൃണമൂലിനെ കാണുന്നുണ്ട്. മുന്‍പ് ഇടത് പക്ഷത്തിനൊപ്പമായിരുന്നവരും ഇടത് രാഷ്ട്രീയ നിലപാടാണ് ഇപ്പോളുമുള്ളത് എന്നുപറയുന്നവരുമായ ഒരു വിഭാഗമുണ്ട്. ഇപ്പോള്‍ എല്‍.ഡി.എഫിനെതിരായ നിലപാടെടുക്കുന്ന ഈ വിഭാഗത്തെ ആകര്‍ഷിക്കാന്‍ കൂടിയാണ് പിണറായിസത്തിനെതിരായ നിലപാട് എന്നാണ് അന്‍വര്‍ ആവര്‍ത്തിച്ചു പറയുന്നത്.

തദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആഴ്ന്നിറങ്ങി പ്രവര്‍ത്തിച്ച് സംസ്ഥാനത്ത് ഒട്ടേറെയിടങ്ങളില്‍ സാന്നിധ്യം അറിയിക്കാനാവുമെന്നാണ് അന്‍വറിനൊപ്പമുള്ളവരുടെ വിശ്വാസം. ഇടയ്‌ക്കൊന്നു മന്ദീഭവിച്ച ഡി.എം.കെ.യെ സംസ്ഥാന തലത്തില്‍ പുനരുജ്ജീവിപ്പിക്കുകയാണ് ഇനി തൃണമൂലിന്റെ ലക്ഷ്യം. ബംഗാളിനുപുറത്ത് കഴിയുന്നത്ര ഇടങ്ങളില്‍ വേരു പടര്‍ത്തി കൂടുതല്‍ ദേശീയ പ്രസക്തിയുള്ള പാര്‍ട്ടിയായി തൃണമൂല്‍ കോണ്‍ഗ്രസിനെ മാറ്റുകയാണ് മമതാ ബാനര്‍ജിയുടെ ലക്ഷ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.