കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വില്‍ക്കുന്ന ടിക്കറ്റുകള്‍ക്ക് 10 ശതമാനം വിനോദ നികുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കോര്‍പറേഷന്‍ കേരള ബ്ലാസ്റ്റേഴ്‌സിനു നോട്ടീസ് അയച്ചു. ഇന്നലെ ബ്ലാസ്റ്റേഴ്‌സ്- ഒഡിഷ പോരാട്ടം നടക്കുന്നതിന് മുന്‍പാണ് നോട്ടീസ് നല്‍കിയത്.
ഇന്നലെ തന്നെ കോര്‍പറേഷനില്‍ ഹാജരായി വിറ്റുപോയ ടിക്കറ്റുകളുടെ കണക്ക് ഹാജരാക്കണമെന്നും നടക്കാന്‍ പോകുന്ന മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നും കോര്‍പറേഷന്‍ റവന്യു ഓഫീസര്‍ നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നു. വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
ടിക്കറ്റ് വെച്ചും ഓണ്‍ലൈന്‍ ബുക്കിങ് മുഖേനയും നടക്കുന്ന വിനോദ പരിപാടികള്‍ക്ക് 10 ശതമാനം വിനോദ നികുതി ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആദ്യം പ്രത്യേക ഉത്തരവിലൂടെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
ജനുവരി മുതല്‍ ഏപ്രില്‍ വരെ കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ മത്സരങ്ങളുടെ സമയക്രമം കേരള ബ്ലാസ്റ്റേഴ്‌സ് കോര്‍പറേഷനെ അറിയിച്ചിരുന്നു. ഇതിനു മറുപടിയായാണ് നോട്ടീസ് അയച്ചത്. മാര്‍ച്ച് വരെ അഞ്ച് മത്സരങ്ങളാണ് കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്.