ന്യൂഡല്‍ഹി: പി.വി അന്‍വറിനോട് മതിപ്പുമില്ല എതിര്‍പ്പുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. നിലമ്പൂരിലെ സ്ഥാനാര്‍ത്ഥി ആര് എന്നതടക്കം യുഡിഎഫ് ചര്‍ച്ച ചെയ്യും. നിലമ്പൂരിലേത് അസ്വാഭാവികമായ സാഹചര്യമാണ്. അത് തന്ത്രപരമായി കൈകാര്യം ചെയ്യേണ്ടതാണ്. അതനുസരിച്ച് മുന്നോട്ടുപോകും. അന്‍വറിന്റെ നിര്‍ദേശം തള്ളാനും കൊള്ളാനുമില്ലെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.
വയനാട് ഡിസിസി ട്രഷറര്‍ വിജയന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അവരുടെ ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കെപിസിസിയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയെ കെ. സുധാകരന്‍ ന്യായീകരിച്ചു. അതുപിന്നെ ഞങ്ങളല്ലേ ഏറ്റെടുക്കേണ്ടതെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം.
കേസില്‍ ഐ.സി ബാലകൃഷ്ണന്‍ അടക്കം വയനാട്ടിലെ നേതാക്കള്‍ ഒളിവില്‍ പോയതിനെയും കെ. സുധാകരന്‍ ന്യായീകരിച്ചു. അറസ്റ്റ് വാറണ്ട് ഉള്ളയാള്‍ ഒളിവില്‍ പോകുന്നത് സ്വാഭാവികം. ജാമ്യം കിട്ടുന്നത് വരെ അയാള്‍ മാറി താമസിച്ചേക്കാമെന്നും സുധാകരന്‍ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ഐ.സി ബാലകൃഷ്ണന്‍ 15 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, അതെക്കുറിച്ചെല്ലാം അന്വേഷിക്കാനായി കെപിസിസി ഒരു സമിതിയെ വെച്ചിട്ടുണ്ട്. സമിതി റിപ്പോര്‍ട്ട് ലഭിക്കാതെ ഒന്നും പറയാനാവില്ലെന്നായിരുന്നു കെ സുധാകരന്റെ മറുപടി.