കൊച്ചി: നെയ്യാറ്റിന്‍കര സ്വദേശി ഗോപന്‍ സ്വാമിയുടെ ദുരൂഹ സമാധിയുമായി ബന്ധപ്പെട്ട് കല്ലറ തുറന്ന് പരിശോധന നടത്താമെന്ന് ഹൈക്കോടതി. 'സമാധിപീഠം' പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപന്‍ സ്വാമിയുടെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഗോപന്‍ സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ ഭാഗം കേള്‍ക്കാമെന്നും അല്ലെങ്കില്‍ ഇതൊരു അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
പരിശോധനയില്‍ എന്തിനാണ് പേടിക്കുന്നതെന്നും ഹര്‍ജിക്കാരോട് കോടതി ചോദിച്ചു. മരണത്തില്‍ സംശയാസ്പദമായ സാഹചര്യം ഉണ്ടെന്നും കോടതി വിലയിരുത്തി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. അതുവരെ പൊലീസ് നടപടി നിര്‍ത്തി വയ്ക്കേണ്ടന്നാണ് കോടതിയുടെ തീരുമാനം.
മരണ ശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാന്‍ കഴിയണമെന്നാവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭാര്യ സുലോചനയാണ് ഹര്‍ജി നല്‍കിയത്. ഈ ആവശ്യമാണ് തള്ളിയത്. ഇപ്പോള്‍ നടക്കുന്നത് സ്വാഭാവിക നടപടിക്രമമാണ്.
നിലവില്‍ അന്വേഷണം നിര്‍ത്തിവെക്കാനോ നീട്ടി കൊണ്ട് പോകാനോ ആവില്ലെന്നും കോടതി വ്യക്തമാക്കി. സമാധിപീഠം പൊളിച്ച് പരിശോധന നടത്തുന്നതില്‍ ജില്ലാ കളക്ടര്‍ക്ക് നോട്ടീസ് നല്‍കാനും ഹൈക്കോടതി തീരുമാനമെടുത്തു.