കൊച്ചി: പറവൂര്‍ ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. അയല്‍വാസിയാണ് ആക്രമണം നടത്തിയത്. ചേന്ദമംഗലം കിഴക്കുമ്പാട്ടുകര സ്വദേശി കണ്ണന്‍, ഭാര്യ ഉഷ, മരുമകള്‍ വിനീഷ എന്നിവരാണ് മരിച്ചത്. മകന്‍ ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് അരും കൊലയ്ക്ക് പിന്നില്‍. തര്‍ക്കത്തിന് പിന്നാലെയാണ് ആക്രമണം. അയല്‍ക്കാരനായ റിതു ജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലയ്ക്കു പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
അക്രമി ലഹരിക്ക് അടിമയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തര്‍ക്കം മാത്രമല്ല ലഹരിയുടെ സ്വാധീനത്തില്‍ കൂടിയാണ് പ്രതി കുറ്റം ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നു.
നേരത്തെ കണ്ണനും റിതു ജയനുമായി തര്‍ക്കമുണ്ടായിരുന്നു. അത് വാക്കു തര്‍ക്കത്തില്‍ കലാശിച്ചിരുന്നു. പിന്നീടാണ് റിതു അരുംകൊല നടത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇയാള്‍ നേരത്തെ പല കേസുകളിലും പ്രതിയാണ്. 2022 മുതല്‍ റൗഡി ലിസ്റ്റില്‍ ഉള്ള ആളാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ള റിതു. വടക്കന്‍ പറവൂര്‍, വടക്കേക്കര സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുകളുണ്ട്. വടക്കന്‍ പറവൂരില്‍ അടിപിടിക്കേസിലും പ്രതിയാണ്.