സെനറ്റ് പിരിച്ചുവിടണം, ജീവനക്കാര്‍ മൂന്നിലൊന്ന് മതി; നിര്‍ദേശവുമായി കാര്‍ഷിക സര്‍വകലാശാല

 സെനറ്റ് പിരിച്ചുവിടണം, ജീവനക്കാര്‍ മൂന്നിലൊന്ന് മതി; നിര്‍ദേശവുമായി കാര്‍ഷിക സര്‍വകലാശാല

തിരുവനന്തപുരം: ജീവനക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കാനും സെനറ്റ് പിരിച്ചുവിട്ട് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ഭരണ സംവിധാനം കൊണ്ടുവരാനും നിര്‍ദേശിച്ച് കേരള കാര്‍ഷിക സര്‍വകലാശാലാ പരിഷ്‌കരണസമിതി. കേരള കാര്‍ഷിക സര്‍വകലാശാലാ പരിഷ്‌കരണസമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി.

തമിഴ്‌നാട് അണ്ണാ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഇ. ബാലഗുരുസ്വാമി അധ്യക്ഷനായുള്ള സമിതിയുടേതാണ് റിപ്പോര്‍ട്ട്. കൃഷി വകുപ്പ് മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക്, മുന്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പി. രാജേന്ദ്രന്‍, കാര്‍ഷിക സര്‍വകലാശാല മുന്‍ഡയറക്ടര്‍ ഡോ. പി.വി ബാലചന്ദ്രന്‍, മുന്‍ രജിസ്ട്രാര്‍ ഡോ. കെ. അരവിന്ദാക്ഷന്‍, തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ കെ. രാമസ്വാമി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

കാര്‍ഷിക സര്‍വകലാശാല ഭരണ സംവിധാനത്തിലെ രാഷ്ട്രീയ ഇടപെടലുകള്‍ നിയന്ത്രിക്കുന്നതിനും അനധ്യാപക ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുമാണ് റിപ്പോര്‍ട്ട് ഊന്നല്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ അനധ്യാപക ജീവനക്കാരുള്ളത് കാര്‍ഷിക സര്‍വകലാശാലയിലാണ്. 1803 പേര്‍. ഇതിനുപുറമേ രണ്ടായിരത്തിലേറെ ഫാം തൊഴിലാളികളുമുണ്ട്. അനധ്യാപക തസ്തികയില്‍ മൂന്നിലൊന്ന് നിലനിര്‍ത്തി, ബാക്കി സൂപ്പര്‍ ന്യൂമററിയായി പ്രഖ്യാപിച്ച്, വിരമിക്കുന്ന മുറയ്ക്ക് റദ്ദാക്കണമെന്നാണ് പ്രധാന നിര്‍ദേശം.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് റിസര്‍ച്ച് (ഐ.സി.എ.ആര്‍.) മുന്നോട്ടുവെച്ച മാതൃകാ ആക്ടിനെ പിന്‍പറ്റി പുതിയ ഭരണസംവിധാനം കൊണ്ടുവരണമെന്നാണ് മറ്റൊരു നിര്‍ദേശം. ഇതിന് 1971-ലെ കാര്‍ഷിക സര്‍വകലാശാല നിയമം ഭേദഗതി ചെയ്യണം. നിലവിലുള്ള സിന്‍ഡിക്കേറ്റ്, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് എന്ന പേരില്‍ വിദഗ്ധര്‍മാത്രം അടങ്ങുന്ന പതിനഞ്ചംഗ സമിതിയാക്കണം. രജിസ്ട്രാറും കംപ്‌ട്രോളറും പ്രൊഫസര്‍ റാങ്കിലുള്ള അക്കാഡമിക് വിദഗ്ധരായിരിക്കണം.

ഒഴിവുള്ള ഡീന്‍, ഡയറക്ടര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികളില്‍ നിയമനം നടത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. സര്‍വകലാശാലയുടെ കീഴിലെ എല്ലാ കാംപസുകളിലും രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.