പത്ത് മിനിറ്റില്‍ രക്ഷാപ്രവര്‍ത്തനം; ബസ് അപകടത്തിന്റെ വ്യാപ്തി കുറച്ചത് നാട്ടുകാരുടെ സമയോചിത ഇടപെടല്‍

പത്ത് മിനിറ്റില്‍ രക്ഷാപ്രവര്‍ത്തനം; ബസ് അപകടത്തിന്റെ വ്യാപ്തി കുറച്ചത് നാട്ടുകാരുടെ സമയോചിത ഇടപെടല്‍

തിരുവനന്തപുരം: വെമ്പായം ഇരിഞ്ചയത്തുണ്ടായ ബസ് അപകടത്തിന്റെ വ്യാപ്തി കുറച്ചത് നാട്ടുകാരുടെ സമയോചിത ഇടപെടല്‍. ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തില്‍പ്പെട്ട ബസില്‍നിന്ന് യാത്രക്കാരെ വേഗത്തില്‍ പുറത്തെത്തിച്ചതിനാല്‍ കൂടുതല്‍ ജീവഹാനി ഒഴിവായി. അപകടവാര്‍ത്ത അറിഞ്ഞയുടന്‍ 25 ആംബുലന്‍സുകളാണ് സ്ഥലത്തേക്ക് കുതിച്ചെത്തിയത്. നാട്ടുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. നെടുമങ്ങാട് അഗ്നിരക്ഷാസേനയും ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നു.

കാട്ടാക്കട കീഴാറൂരില്‍നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തില്‍പ്പെട്ടത്. ബന്ധുക്കളായിരുന്നു ഇവരിലേറെയും. കുട്ടികളും ബസിലുണ്ടായിരുന്നു. വളവും തിരിവുമുള്ള റോഡിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച രാത്രി 10:20-ഓടെ നെടുമങ്ങാട്-വെമ്പായം റോഡില്‍ ഇരിഞ്ചയത്തിനു സമീപമായിരുന്നു അപകടം. കാട്ടാക്കട സ്വദേശി ദാസിനി(61)യാണ് മരിച്ചത്. 40 പേര്‍ക്കു പരിക്കേറ്റു. 49 പേരാണ് ബസിലുണ്ടായിരുന്നത്. 26 പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഏഴു കുട്ടികള്‍ എസ്.എ.ടി. ആശുപത്രിയിലും ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലാത്ത 15 പേര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണുള്ളത്.

അപകടത്തിന്റെ ശബ്ദവും യാത്രക്കാരുടെ നിലവിളിയും കേട്ടയുടന്‍ ഇവിടേക്ക് യുവാക്കളടക്കമുള്ള നാട്ടുകാര്‍ ഓടിയെത്തിയിരുന്നു. പത്തുമിനിറ്റിനകം പരിക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോകാനായി എന്നതാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. ബസ് വെട്ടിപ്പൊളിച്ചാണ് അതിനുള്ളിലുള്ളവരെ പുറത്തെത്തിച്ചത്. റോഡരികിലെ അഴുക്കുചാലിനു മുകളിലേക്കാണ് ബസ് വീണത്. വീഴ്ചയില്‍ അഴുക്കുചാലിന്റെ സ്ലാബ് തകര്‍ന്നു. യാത്രക്കാര്‍ ഈ സ്ലാബിനിടയിലൂടെ ഓടയിലേക്കു വീണു. ഇവരെയെല്ലാം മിനിറ്റുകള്‍ക്കകം പുറത്തെടുക്കാന്‍ നാട്ടുകാര്‍ക്കു കഴിഞ്ഞു. ഈ റോഡിലൂടെ വാഹനഗതാഗതം പൊലീസ് തടഞ്ഞതും രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി. ഒരു മണിക്കൂറിനകം ബസ് നിവര്‍ത്തി. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാനും കഴിഞ്ഞു.

നിരന്തരം അപകടമുണ്ടാകുന്ന കൊടുംവളവിലാണ് അപകടം ഉണ്ടായത്. വളവില്‍ നിയന്ത്രണം നഷ്ടമായപ്പോള്‍ റോഡിന്റെ ഒരു വശത്തേക്ക് ബസ് മറിഞ്ഞുവീഴുകയായിരുന്നു. വേഗത്തിലുണ്ടായ വീഴ്ചയില്‍ ബസിലുണ്ടായിരുന്നവര്‍ തെറിച്ചുവീണാണ് പരിക്കേറ്റത്. മരിച്ച ദാസിനിക്ക് ശരീരത്തില്‍ മുറിവുണ്ടായിരുന്നില്ല. തലയ്ക്കാണ് പലര്‍ക്കും പരിക്കേറ്റിട്ടുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.