കൊച്ചി: കളമശേരി കുസാറ്റ് ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ ദീപക് കുമാര്‍ സാഹു അടക്കം മൂന്ന് പ്രതികളാണുള്ളത്. അധ്യാപകരായ ഗിരീഷ് കുമാര്‍ തമ്പി, എന്‍. ബിജു എന്നിവരാണ് മറ്റ് പ്രതികള്‍. മനപൂര്‍വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്.
കേസില്‍ മുന്‍ രജിസ്ട്രാറെ പ്രതി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം കോളജ് അധികൃതര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കളമശേരി മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദുരന്തം സംഭവിച്ച് ഒരു വര്‍ഷവും രണ്ട് മാസവും പിന്നിടുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
സംഗീത നിശ നടക്കുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ എത്തിയതും തിരക്ക് നിയന്ത്രിക്കാന്‍ ആരും ഇല്ലാത്തതുമാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും ഒരു ഗെയിറ്റ് മാത്രമേ ഉള്ളൂ എന്നതും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.
2023 നവംബര്‍ 25 നാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കുസാറ്റിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവര്‍ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. ആളുകള്‍ കൂട്ടമായി എത്തിയതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവര്‍ താഴെയുണ്ടായിരുന്നവര്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.
സിവില്‍ എന്‍ജിനിയറിങ് രണ്ടാംവര്‍ഷ വിദ്യാര്‍ഥി കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയില്‍ അതുല്‍ തമ്പി (24), രണ്ടാം വര്‍ഷ ഇലക്ട്രോണിക് എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയായ പറവൂര്‍ ചേന്ദമംഗലം കുറുമ്പത്തുരുത്ത് സ്വദേശിനി ആന്‍ റിഫ്റ്റ (20), ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയും കോഴിക്കോട് താമരശേരി കോരങ്ങാട് തൂവക്കുന്നുമ്മല്‍ സ്വദേശിയുമായ സാറ തോമസ് (20), പാലക്കാട് മുണ്ടൂര്‍ എഴക്കാട് കോട്ടപ്പള്ള തൈപറമ്പില്‍ വീട്ടില്‍ ആല്‍ബിന്‍ ജോസഫ് (23) എന്നിവരാണ് മരിച്ചത്. അപടത്തില്‍ 60 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.