തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിനെ വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. രാവിലെ 11 മണിക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ശിക്ഷാവിധിക്ക് മുമ്പുള്ള വാദം ശനിയാഴ്ച പൂർത്തിയായിരുന്നു. ഗ്രീഷ്മയുടെ പ്രായം പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവ് വേണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ചെകുത്താന്റെ ചിന്താഗതിയുള്ള പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
കഷായത്തില്‍ വിഷം കലര്‍ത്തി സുഹൃത്തായ ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയെ കൂടാതെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്തിരുന്നത്. എന്നാല്‍ കേസില്‍ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മയെ കോടതി വെറുതെ വിട്ടിരുന്നു.
2022 ഒക്ടോബര്‍ 13, 14 ദിവസങ്ങളിലായി അമ്മയുടെയും അമ്മാവന്റെയും സഹായത്തോടെ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. 2022 ഒക്ടോബര്‍ 25നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഷാരോണ്‍ മരിക്കുന്നത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ വിചാരണ നടപടികള്‍ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല.
ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 95 സാക്ഷികളാണുള്ളത്. 323 രേഖകളും 51 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുള്ള ഗ്രീഷ്മ 22-ാം വയസിലാണ് കേസില്‍ പ്രതിയാകുന്നത്. പൊലീസ് കസ്റ്റഡിയില്‍ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതും വലിയ വിവാദമായിരുന്നു.