ഗുരുതര വീഴ്ച: 26 സര്‍ക്കാര്‍ ആശുപത്രികളില്‍ കലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കി; സിഎജി റിപ്പോര്‍ട്ട്

ഗുരുതര വീഴ്ച: 26 സര്‍ക്കാര്‍ ആശുപത്രികളില്‍ കലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കി; സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ 26 സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തുവെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) കണ്ടെത്തല്‍. വാര്‍ഡില്‍ കഴിഞ്ഞ രോഗികള്‍ക്കാണ് കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തത്. 146 ആശുപത്രികളില്‍ ഗുണനിവാരമില്ലാത്ത മരുന്നുകള്‍ നല്‍കിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലാവധി കഴിയുന്ന മരുന്നുകളുടെ രാസഘടനയില്‍ മാറ്റം വരുമെന്നതിനാല്‍ ഇത് കഴിക്കുന്നവരുടെ ജീവന്‍ അപകടത്തിലായേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ അടക്കമുള്ള പൊതുജന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മരുന്ന് വിതരണത്തില്‍ ഉണ്ടായ ഗുരുതര വീഴ്ചയില്‍ കെഎംഎസ്സിഎല്ലിനെതിരെ രൂക്ഷ വിമര്‍ശനവും സിഎജി ഉയര്‍ത്തിയിരുന്നു.

സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ ഏഴായിരത്തോളം ആശുപത്രികള്‍ ഉണ്ട്. 67 ആശുപത്രികളില്‍ 2016 മുതല്‍ 2022 വരെ നടത്തിയ പരിശോധനയില്‍ 62,826 ലേറെ അവസരങ്ങളില്‍ മരുന്നുകള്‍ ലഭ്യമായിരുന്നില്ല. ഇതില്‍ ചില അവശ്യ മരുന്നുകള്‍ 1745 ദിവസം വരെ ലഭ്യമല്ലായിരുന്നു.

2017 മുതല്‍ 2022 വരെ 4732 ഇനം മരുന്നുകള്‍ക്ക് ആശുപത്രികള്‍ ഇന്റന്റ് നല്‍കിയെങ്കിലും കെഎംഎസ്സിഎല്‍ 536 ഇനങ്ങള്‍ (11.33%) മാത്രമാണ് മുഴുവനും വാങ്ങിയത്. 1085 ഇനങ്ങള്‍ക്ക് കരാര്‍ കൊടുത്തതേയില്ല. മരുന്നുകളുടെ ഗുണനിലവാര പരിശോധനയിലും ഗുരുതരമായ അലംഭാവം ഉണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഒരു വര്‍ഷത്തെ 54,049 ബാച്ച് മരുന്നുകളില്‍ 8700 ബാച്ചുകളുടെ ഗുണനിലവാരം മാത്രമേ പരിശോധിച്ചിട്ടുള്ളൂ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.