കേരളത്തിന്റെ പൊതുകടം 4.15 ലക്ഷം കോടി; വായ്പ ഒഴികെയുള്ള വരുമാനത്തിന്റെ 73.36 ശതമാനവും ചെലവഴിക്കുന്നത് ശമ്പളവും പെന്‍ഷനും നല്‍കാന്‍

കേരളത്തിന്റെ പൊതുകടം 4.15 ലക്ഷം കോടി; വായ്പ ഒഴികെയുള്ള വരുമാനത്തിന്റെ 73.36 ശതമാനവും ചെലവഴിക്കുന്നത് ശമ്പളവും പെന്‍ഷനും നല്‍കാന്‍

തിരുവനന്തപുരം: കേരളത്തിന്റെ പൊതുകടം 4.15 ലക്ഷം കോടി രൂപയെന്ന് സിഎജി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനം വരെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷം കടമെടുത്തതിന്റെ 13.02 ശതമാനം മാത്രമാണ് വികസന പ്രവര്‍ത്തനത്തിനായി ചെലവിട്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വികസനച്ചെലവ് 2.94 ശതമാനം കുറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായവും 12.79 ശതമാനം കുറഞ്ഞു. കടമെടുക്കുന്നതിന്റെ 70 ശതമാനം തുകയും നേരത്തെ എടുത്ത കടങ്ങള്‍ വീട്ടാനും മറ്റുമാണ് ചെലവഴിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തില്‍ 1050.32 കോടി രൂപയുടെ വര്‍ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം നികുതി വരുമാനം 2360.85 കോടി രൂപയാണ് കൂടിയത്.

വായ്പ ഒഴികെയുള്ള വരുമാനത്തിന്റെ 73.36 ശതമാനവും ശമ്പളവും പെന്‍ഷനും പലിശയും നല്‍കാനാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. നികുതി വരുമാനം ബജറ്റില്‍ പ്രതീക്ഷിച്ചതിലും 2709.24 കോടി രൂപ കുറഞ്ഞതായും സിഎജി ചൂണ്ടിക്കാട്ടുന്നു.

റവന്യൂ വരുമാനവും ചെലവും തമ്മിലുള്ള അന്തരം (റവന്യൂ കമ്മി) 1.53 ശതമാനമാണ്. ഇത് ഉയര്‍ന്ന തോതിലാണ്. അതേസമയം ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രം എടുത്തു തന്ന വായ്പ കൂടി കണക്കില്‍പെടുത്തിയാണ് കടം ഇത്രയും കൂടിയതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.