'മാതൃകാ പൊതുജീവിതം നയിച്ച വ്യക്തി; കാണാന്‍ ആഗ്രഹിച്ച നേതാവ്': വി.എസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

'മാതൃകാ പൊതുജീവിതം നയിച്ച വ്യക്തി; കാണാന്‍ ആഗ്രഹിച്ച നേതാവ്': വി.എസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍.

വി.എസ് ഇപ്പോള്‍ താമസിക്കുന്ന മകന്‍ അരുണ്‍കുമാറിന്റെ തിരുവനന്തപുരത്തെ വസതിയില്‍ എത്തിയായിരുന്നു സന്ദര്‍ശനം. രാവിലെ പത്തിന് എത്തിയ ഗവര്‍ണര്‍, 20 മിനിറ്റോളം വി.എസിന്റെ കുടുംബത്തോടൊപ്പം ചെലവഴിച്ചു.

കോളജ് പഠനകാലം മുതല്‍ താന്‍ വി.എസ് അച്യുതാനന്ദനെക്കുറിച്ച് കേട്ടിട്ടുണ്ട്. മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദേഹം. കേരളത്തില്‍ ഗവര്‍ണറായി എത്തിയപ്പോള്‍ മുതല്‍ വി.എസിനെ നിര്‍ബന്ധമായും കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍ പറഞ്ഞു.

ഭാഗ്യവശാല്‍ വി.എസിനെയും കുടുംബത്തേയും കാണാനും സംസാരിക്കാനും സാധിച്ചു. അനാരോഗ്യം മൂലം വിശ്രമിക്കുന്ന അദേഹവുമായി ആശയ വിനിമയം നടത്താനായി.

വി.എസ് ആരോഗ്യവാനായിരിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്ന് ആര്‍ലേക്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.