തിരുവനന്തപുരം: കെപിസിസി പുനസംഘടനയില്‍ തന്റെ അതൃപ്തി ഹൈക്കമാന്‍ഡിനെ നേരിട്ട് അറിയിക്കാനൊരുങ്ങി കെ. സുധാകരന്‍. ഇതിനായി സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ നാളെ കെ. സുധാകരന്‍ കാണും. തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് അദേഹത്തിന്റെ പരാതി.
പുനസംഘടനയുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കെ. സുധാകരന്‍ അസ്വസ്ഥനാണെന്നാണ് വിവരം. കെ.സി വേണുഗോപാലിലൂടെ കേന്ദ്ര നേതൃത്വത്തെ അതൃപ്തി നേരിട്ട് അറിയിക്കുകയാണ് ലക്ഷ്യം.
തന്നെ മാറ്റാന്‍ വേണ്ടിയാണോ ദീപദാസ് മുന്‍ഷി ഓരോ നേതാക്കളെയും നേരില്‍ കാണുന്നതെന്ന് തന്നോട് പറയണമെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് നാളായി മുതിര്‍ന്ന നേതാക്കളെ ദീപദാസ് മുന്‍ഷി കണ്ടിരുന്നു. തന്നെ വിശ്വാസത്തിലെടുക്കാതെ എന്തുകൊണ്ടാണ് പുനസംഘടന തീരുമാനമെന്നാണ് സുധാകരന്റെ ചോദ്യം.
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ആകാനും താനില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇല്ല. തന്റെ സ്ഥാനം ജനങ്ങളുടെ മനസിലാണെന്നും കെ. സുധാകരന്‍ പറഞ്ഞിരുന്നു.
നേതൃമാറ്റം സംബന്ധിച്ച് സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കളെ പ്രത്യേകം കണ്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയാണ് കേരളത്തിന്റെ സംഘടന ചുമതലയുള്ള ദീപദാസ് മുന്‍ഷി. രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, ബെന്നി ബഹനാന്‍, സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളെ കഴിഞ്ഞ ദിവസം അവര്‍ കണ്ടിരുന്നു.