മാനന്തവാടി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഒ.ആര്‍ കേളു. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
അതിനിടെ ആക്രമണകാരിയായ കടുവയെ വെടിവച്ചു കൊല്ലാനുള്ള നടപടി ഇന്നു തന്നെ ആരംഭിക്കും. കടുവയെ നരഭോജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വെടിവച്ച് കൊല്ലാനുള്ള ഉത്തരവായിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രദേശത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിച്ചുവെന്നും മന്ത്രി പറഞ്ഞു.
സ്ഥലത്ത് കൂട് സ്ഥാപിക്കാനും തീരുമാനവുമായിട്ടുണ്ട്. ഫെന്‍സിങ് നടപടികള്‍ ജനകീയ പിന്തുണ അടക്കമുള്ള സാധ്യമായ മാര്‍ഗങ്ങള്‍ എല്ലാം തേടി പെട്ടന്ന് തന്നെ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. മക്കളില്‍ ആര്‍ക്കെങ്കിലും ജോലി നല്‍കണമെന്ന് രാധയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം മന്ത്രിസഭയില്‍ ഉന്നയിക്കാനും നടപ്പാക്കാനും വനം മന്ത്രി തന്നെ മുന്‍കൈയെടുക്കുമെന്നും മന്ത്രി കേളു അറിയിച്ചു.
വയനാട് മാനന്തവാടിയിലാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചത്. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യ രാധയാണ് (45) മരിച്ചത്. വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാപ്പിക്കുരു പറിക്കുന്നതിനിടയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്.
തണ്ടര്‍ ബോള്‍ട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലായിരുന്നു രാധയുടെ മൃദദേഹം. ആക്രമിച്ച ശേഷം രാധയെ കടുവ വലിച്ചിഴച്ചുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പിന്നാലെ പ്രിയദര്‍ശനി എസ്റ്റേറ്റിന് മുന്നില്‍ നാട്ടുകാരുടെ വന്‍ പ്രതിഷേധമാണ് നടന്നത്. കടുവയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. മന്ത്രി ഒ.ആര്‍ കേളുവിനെ നാട്ടുകാര്‍ വളയുന്ന സാഹചര്യവുമുണ്ടായി.