റേഷന്‍കടകള്‍ വഴിയുള്ള ഭക്ഷ്യധാന്യത്തിന് പകരം അക്കൗണ്ടിലേക്ക് പണം: എതിര്‍പ്പ് അറിയിച്ച് കേരളം

റേഷന്‍കടകള്‍ വഴിയുള്ള ഭക്ഷ്യധാന്യത്തിന് പകരം അക്കൗണ്ടിലേക്ക് പണം: എതിര്‍പ്പ് അറിയിച്ച് കേരളം

തിരുവനന്തപുരം: റേഷന്‍കടകള്‍ വഴിയുള്ള ഭക്ഷ്യധാന്യത്തിന് പകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കുന്നതിനെ എതിര്‍ത്ത് കേരളം. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി.) പദ്ധതി നടപ്പിലാക്കുന്നതില്‍ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രള്‍ഹാദ്‌ജോഷിയെ നേരില്‍ക്കണ്ടാണ് മന്ത്രി ജി.ആര്‍ അനില്‍ എതിര്‍പ്പ് അറിയിച്ചത്.

വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് ഡി.ബി.ടി നടപ്പാക്കുന്നതിനെ സംസ്ഥാനം അനുകൂലിക്കുന്നില്ലെന്ന് ജി.ആര്‍ അനില്‍ അറിയിച്ചത്. സംസ്ഥാനത്തിന്റെ ആശങ്ക പരിഗണിച്ച് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. ഡി.ബി.ടി നടപ്പാക്കിയാല്‍ റേഷന്‍ വ്യാപാരികള്‍, ചുമട്ടുതൊഴിലാളികള്‍, റേഷന്‍വിതരണ മേഖലയുമായി ബന്ധപ്പെട്ട മറ്റുവിഭാഗങ്ങള്‍ എന്നിവര്‍ക്ക് ദോഷകരമാകുമെന്ന് കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.

മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട റേഷന്‍കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് തിയതി മെയ് 31 വരെ നീട്ടണമെന്നും കേരളം ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 18 ന് ആരംഭിച്ച ഇ-കെ.വൈ.സി മസ്റ്ററിങ് നിലവില്‍ 90.89 ശതമാനം പൂര്‍ത്തിയാക്കി. നിലവില്‍ പ്രഖ്യാപിച്ച അന്തിമ തിയതി മാര്‍ച്ച് 31 ആണ്. സംസ്ഥാനത്തിന് പുറത്തുകഴിയുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും ഇക്കാലയളവിനുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാനാവില്ലെന്ന് കേന്ദ്രമന്ത്രിയെ അറിയിച്ചു.

ഇക്കാര്യവും പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. ഇ-പോസ് മെഷീനിലെ ബയോമെട്രിക് സ്‌കാനറിന്റെ ശേഷി കൂട്ടാനുള്ള സമയം ജൂണ്‍ 30 വരെ നീട്ടണമെന്ന ആവശ്യവും ഉന്നയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.