മാനന്തവാടി: വന്യജീവി ആക്രമണത്തില്‍ മാനന്തവാടി പഞ്ചരകൊല്ലി സ്വദേശിനി രാധ മരിച്ച സംഭവത്തില്‍ മാനന്തവാടി ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപത. നരഭോജിയായ കടുവയെ എത്രയും വേഗം പിടികൂടി കൊല്ലണമെന്ന് രൂപത പ്രസിഡന്റ് ബിബിന്‍ പിലാപ്പിള്ളില്‍ ആവശ്യപ്പെട്ടു.
വന്യ ജീവി ആക്രമണങ്ങള്‍ തുടര്‍ സംഭവമാകുമ്പോള്‍, മനുഷ്യര്‍ കൂട്ടിലടക്കപ്പെടുകയും മൃഗങ്ങള്‍ നാട്ടില്‍ വിഹരിക്കുകയും ചെയ്യുന്നത് തീര്‍ത്തും വേദനാജനകമാണ്. മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത വന നിയമങ്ങള്‍ കാരണം വന്യമൃഗങ്ങളെ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ വയനാട്ടില്‍ ഉള്ളത്.

വന്യജീവി ആക്രമണങ്ങള്‍ക്ക് ശേഷം ധനസഹായം വാഗ്ദാനം ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ വയനാട്ടിലെ ജനങ്ങള്‍ക്ക് മുഴുവന്‍ സഹായം നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കാട്ടില്‍ നിന്നും നാട്ടില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളില്‍ നിന്നും മനുഷ്യജീവന് സംരക്ഷണം ലഭിക്കത്തക്കവിധം ശാശ്വത പരിഹാരം കണ്ടെത്താന്‍ അധികാരികള്‍ തയാറാവേണ്ടതുണ്ടെന്നും രൂപത ആവശ്യപ്പെട്ടു.
മാനന്തവാടി രൂപത പ്രസിഡന്റ് ബിബിന്‍ പിലാപ്പിള്ളില്‍ അധ്യഷത വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷില്‍സണ്‍ കോക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം രൂപത ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, സെക്രട്ടറി ഡ്യൂണ മരിയ കിഴക്കേമണ്ണൂര്‍, ജോബിന്‍ തടത്തില്‍, നവീന്‍ പുലകുടിയില്‍, ഫാ. വിനോദ് പാക്കാനിക്കുഴി, ഫാ. അമല്‍ മന്ത്രിക്കല്‍, ഫാ. അമല്‍ മുളങ്ങാട്ടില്‍, സി. ജിനി എഫ്.സി.സി,
സി. രഞ്ജിത എഫ്.സി.സി, രൂപത സിന്‍ഡിക്കേറ്റ് അംഗം ദിവ്യ പാട്ടശേരി തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ പരിപാടിയില്‍ നിരവധി യുവജനങ്ങള്‍ പങ്കെടുത്തു.