മാനന്തവാടി: കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട മീന്‍മുട്ടി തറാട്ട് രാധയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്ന് 11 ന് സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിക്കും.
ഗോത്ര വിഭാഗക്കാരായ ഇവര്‍ താമസിക്കുന്നതിന് സമീപത്തെ സമുദായ ശ്മശാനത്തിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളില്‍ നിരോധനാജ്ഞ തുടരുകയാണ്. മാനന്തവാടി നഗരസഭാ പരിധിയില്‍ യു.ഡി.എഫ്. ഇന്ന് ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ നരഭോജിക്കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി.
കടുവയെ കൂടുവെച്ചോ മയക്കുവെടിവെച്ചോ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ വെടിവെച്ചുകൊല്ലാനാണ് ഉത്തരവ്. വനം മന്ത്രി എ.കെ ശശീന്ദ്രന്റെ നിര്‍ദേശപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമമനുസരിച്ചായിരിക്കും നടപടി. കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആദ്യ ഘട്ടത്തില്‍ മയക്കുവെടിവെച്ചോ കൂടുവെച്ചോ പിടികൂടാന്‍ ശ്രമിക്കും. കഴിഞ്ഞില്ലെങ്കില്‍ വെടിവെച്ചുകൊല്ലാനാണ് ഉത്തരവ്.
കുങ്കിയാനകളെവെച്ച് തിരച്ചില്‍ നടത്താന്‍ പറ്റിയ പ്രദേശമല്ല എന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എസ്. രഞ്ജിത് കുമാര്‍ പറഞ്ഞു. മരിച്ച രാധയുടെ വീട് സന്ദര്‍ശിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അവിടത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, താന്‍ ചെല്ലുന്നത് അവിടത്തുകാര്‍ക്ക് ആശ്വാസമാണെങ്കില്‍ പോകുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. വന്യജീവി ആക്രമണത്തിന് പരിഹാരം കാണുന്നതിന് മുഖ്യ വിഘാതമായി നില്‍ക്കുന്നത് കേന്ദ്ര വന്യജീവി സംരക്ഷണ നിയമമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.