'ധൃതിപിടിച്ച് നേതൃമാറ്റം വേണ്ട': കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ. സുധാകരന്‍ തുടരട്ടെ എന്ന് ഹൈക്കമാന്‍ഡ്

'ധൃതിപിടിച്ച് നേതൃമാറ്റം വേണ്ട': കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ. സുധാകരന്‍ തുടരട്ടെ എന്ന് ഹൈക്കമാന്‍ഡ്

കൊച്ചി: നേതൃമാറ്റം ധൃതി പിടിച്ച് വേണ്ടെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ. സുധാകരന്‍ തന്നെ തുടരട്ടെയെന്നും ഹൈക്കമാന്‍ഡ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഉടന്‍ നേതൃമാറ്റം വേണ്ടെന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങില്ലെന്ന് നേരത്തേ വ്യക്തമാക്കിയ സുധാകരന്‍, നേതൃമാറ്റം ഉണ്ടാകുമെന്ന വാര്‍ത്തകളില്‍ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് അദേഹത്തിന്റെ പരാതി.

നിലവില്‍ പുനസംഘടനയുമായി നടക്കുന്ന ചര്‍ച്ചകളില്‍ സുധാകരന്‍ അസ്വസ്ഥനാണെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. തന്നെ മാറ്റാന്‍ വേണ്ടിയാണോ ദീപദാസ് മുന്‍ഷി ഓരോ നേതാക്കളെയും നേരില്‍ കാണുന്നതെന്ന് തന്നോട് പറയണമെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം സംസ്ഥാന കോണ്‍ഗ്രസില്‍ താനും കെ. സുധാകരനുമായി യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. ഇന്നലെയും ഫോണില്‍ സംസാരിച്ചപ്പോള്‍ ഞങ്ങള്‍ ഇക്കാര്യം പറഞ്ഞ് ചിരിച്ചു.

സിപിഎം പോലെ നേതാക്കളെ വിമര്‍ശിക്കാന്‍ പറ്റാത്ത പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. തനിക്കെതിരെ വിമര്‍ശനമുണ്ടായാല്‍ താനതിന് മറുപടി പറയുമെന്നതേയുള്ളൂവെന്നും അദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ അനാവശ്യമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ വേറെ ചില അജണ്ടകളാണ് നടപ്പാക്കുകയെന്നും സതീശന്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.