മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ദൗത്യം ആരംഭിച്ചു. 80 അംഗ ആർആർടി 10 സംഘങ്ങളായി കടുവയെ പിടികൂടാൻ പ്രദേശത്ത് തിരച്ചിൽ ശക്തമാക്കും. കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളായ പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ്, മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗങ്ങളിൽ ഇന്ന് മുതൽ 48 മണിക്കൂർ കർഫ്യൂ പ്രഖാപിച്ചിട്ടുണ്ട്.
ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ തുറക്കരുതെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കർഫ്യൂ ഏർപ്പെടുത്തിയിരിയ്ക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. കർഫ്യൂ പ്രഖ്യാപിച്ച ഡിവിഷനുകളിൽ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികൾ ജനുവരി 27, 28 തിയതികളിൽ സ്കൂളുകളിൽ ഹാജരാകേണ്ടതില്ലെന്നും അറിയിപ്പുണ്ട്. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തും. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണമെന്നും മുന്നറിയിപ്പുണ്ട്.
വയനാട് പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ കൊന്ന കടുവയെ നരഭോജിയെന്ന് പ്രഖ്യാപിച്ച് ഉത്തരവിറക്കാൻ കഴിഞ്ഞദിവസം ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. കടുവയെ വെടിവച്ച് കൊല്ലാനുള്ള എസ്ഒപിയുടെ ആദ്യപടിയാണ് നരഭോജിയായി പ്രഖ്യാപിച്ചുള്ള ഉത്തരവിറക്കൽ. സംസ്ഥാനത്ത് ആദ്യമായാണ് അസാധാരണമായ ഈ പ്രഖ്യാപനം.