തിരുവനന്തപുരം: കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ ആണ് കോൺഗ്രസ് വക്താക്കളുടെ പട്ടികയിൽ സന്ദീപ് വാര്യരെ ഉൾപ്പെടുത്തിയത്. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവരുടെ പട്ടികയിലും സന്ദീപ് വാര്യരെ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തത്തിൽ സന്തോഷമുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
ബിജെപി വിട്ട് വന്ന സന്ദീപിന് ഇത് വരെ കോണ്‍ഗ്രസ് പദവികള്‍ നല്‍കിയിരുന്നില്ല. കെപിസിസി പുനസംഘടനയോടെ കൂടുതല്‍ പദവികള്‍ നല്‍കുമെന്ന് കെപിസിസി നേതൃത്വം സന്ദീപ് വാര്യര്‍ക്ക് ഉറപ്പ് നല്‍കി.
സന്ദീപ് വാര്യരെ പരിഹസിച്ച് കെ. സുരേന്ദ്രൻ രംഗത്തെത്തി. കെപിസിസിയുടെ കാക്കത്തൊള്ളായിരം വക്താക്കളിൽ ഒരാളാണ് സന്ദീപ് വാര്യരെന്ന് സുരേന്ദ്രൻ പറഞ്ഞു. സന്ദീപ് വാര്യർ പാല വീണ ചെകുത്താനായി നടക്കുന്നു. അയാൾക്ക് അയാളുടെ കാര്യം പോലും പറയാനാവാത്ത സ്ഥിതിയാണെന്നും കെ. സുരേന്ദ്രൻ പരിഹസിച്ചു.