ബ്രൂവറിയില്‍ ഇടഞ്ഞ് സിപിഐ; എലപ്പുള്ളിയിലെ മദ്യക്കമ്പനി വേണ്ട: തീരുമാനം എല്‍ഡിഎഫ് നേതൃത്വത്തെ അറിയിക്കും

ബ്രൂവറിയില്‍ ഇടഞ്ഞ് സിപിഐ; എലപ്പുള്ളിയിലെ മദ്യക്കമ്പനി വേണ്ട: തീരുമാനം എല്‍ഡിഎഫ് നേതൃത്വത്തെ അറിയിക്കും

ആലപ്പുഴ: വിവാദമായ പാലക്കാട്എലപ്പുള്ളിയിലെ മദ്യനിര്‍മാണശാല വേണ്ടെന്ന് സിപിഐ. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് തീരുമാനം.

മദ്യനിര്‍മാണ ശാലയുമായി ബന്ധപ്പെട്ട് വിവാദം കനക്കുകയും പാലക്കാട്ടെ സിപിഐ ജില്ലാ നേതൃത്വം പദ്ധതിക്കെതിരേ വലിയ വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എക്‌സിക്യൂട്ടീവ് ചേര്‍ന്നത്. വിഷയത്തില്‍ സിപിഐയുടെ ആശങ്ക എല്‍ഡിഎഫ് നേതൃത്വത്തെ അറിയിക്കും.

എലപ്പുള്ളിയില്‍ ബ്രൂവറി ഡിസ്റ്റിലറി തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ സിപിഐയ്ക്കുള്ളില്‍ എതിര്‍പ്പ് ശക്തമായിരുന്നു. മദ്യക്കമ്പനിയുമായി ബന്ധപ്പെട്ട വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉള്‍പ്പടെയുള്ള സിപിഐ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

സര്‍ക്കാര്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ എക്സിക്യൂട്ടീവ്, ബിനോയ് വിശ്വത്തിന് നേരത്തേ കത്ത് നല്‍കുകയും ചെയ്തു. എലപ്പുള്ളി പഞ്ചായത്തില്‍ മദ്യക്കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത് പാലക്കാട്ടെ കുടിവെള്ള പ്രശ്നം രൂക്ഷമാക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

നിലവിലുള്ള തണ്ണീര്‍ത്തട നിയമങ്ങളെയും മാലിന്യ സംസ്‌കരണ നിയമങ്ങളെയും അട്ടിമറിച്ചുകൊണ്ടാവും കമ്പനി പ്രവര്‍ത്തിക്കുകയെന്നായിരുന്നു യോഗം വിലയിരുത്തിയത്.

അമിതമായ ജലചൂഷണത്തിനെതിരേ ലോകശ്രദ്ധ ആകര്‍ഷിച്ച പാലക്കാട്ടെ പ്ലാച്ചിമടയും പുതുശേരിയും എല്‍ഡിഎഫ് മറക്കരുതെന്ന പരാമര്‍ശവും സിപിഐ എക്സിക്യൂട്ടീവിലുണ്ടായി.

കൊക്കോകോളയുടെ ജലചൂഷണത്തിനും പരിസ്ഥിതി മലിനീകരണത്തിനുമെതിരേ പ്ലാച്ചിമടയിലും പെപ്സിയുടെ ജല ചൂഷണത്തിനെതിരേ പുതുശേരിയിലും വര്‍ഷങ്ങള്‍ നീണ്ടു നിന്ന ജനകീയ സമരവും നിയമ പോരാട്ടവും നടത്തിയിരുന്ന കാര്യം നിര്‍വാഹകസമിതി യോഗത്തില്‍ അംഗങ്ങള്‍ എടുത്തു പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.