പാലക്കാട്: കേരളം നടുങ്ങിയ നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് പിടിയിലായതെന്നാണ് സൂചന.
രാത്രിയായതോടെ തിരച്ചില്‍ അവസാനിപ്പിച്ച് പൊലീസ് മടങ്ങും വഴിയാണ് ഇയാള്‍ പൊലീസ് വലയിലായത്. പൊലീസും നാട്ടുകാരും തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങി എന്നു കരുതി ചെന്താമര കാടിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ചെന്താമരയ്ക്ക് വേണ്ടി ഇന്ന് വ്യാപകമായ തിരച്ചിലാണ് നടത്തിയിരുന്നത്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ ജനങ്ങളില്‍ നിന്ന് സുരക്ഷിതമായി നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
നാട്ടുകാരും പോലീസും ചേര്‍ന്ന് ഇന്ന് വ്യാപകമായ തിരച്ചിലാണ് നടത്തിയത്. പിടിയിലായ സമയത്ത് ചെന്താമര അവശനിലയിലായിരുന്നു. അതുകൊണ്ട് പോലീസ് സ്റ്റേഷനില്‍ നിന്ന് ഉടനെ ആശുപത്രിയിലേക്ക് മാറ്റുമെന്നും സൂചനയുണ്ട്.
തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു നെന്മാറയിലെ ഇരട്ടക്കൊലകപാതകം. 2019ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.
ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞുവെന്നും തുടര്‍ന്ന് സജിതയെ സംശയിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
ചെന്താമര തങ്ങളെ ഉപദ്രവിക്കുമെന്ന് കൊല്ലപ്പെട്ട സുധാകരന് ഭയമുണ്ടായിരുന്നു. ഇയാള്‍ ജാമ്യത്തിലിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 29 ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് സുധാകരന്റെ മക്കള്‍ അതുല്യയും അഖിലയും ആരോപിച്ചിരുന്നു.
ജയിലില്‍ നിന്നിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തിയത്. സജിത വധക്കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ പ്രതിയുടെ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പോലീസിനും പ്രോസിക്യൂഷനുമായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
കൊടും കുറ്റവാളിയെ പിടികൂടിയതോടെ നാട്ടുകാര്‍ നെന്മാറ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയിരിക്കുകയാണ്. ജനരോക്ഷം അണപൊട്ടിയതോടെ പൊലീസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷവും ഉടലെടുത്തു.