മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ്: അഭിഭാഷകന് പടി കയറാന്‍ പാട്, വിചാരണ കോടതിക്ക് മാറ്റം

മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ്: അഭിഭാഷകന് പടി കയറാന്‍ പാട്, വിചാരണ കോടതിക്ക് മാറ്റം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ വിചാരണ കോടതിക്ക് മാറ്റം. തിരുവനന്തപുരം മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയായിരുന്നു കേസ് പരിഗണിച്ചിരുന്നത്. ഇനി വിചാരണ നടക്കുക നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയിലായിരിക്കും. ശ്രീറാം വെങ്കിട്ടരാമന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.

കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ കോടതി മാറ്റണമെന്ന ആവശ്യമുന്നയിച്ചത്. മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി പ്രവര്‍ത്തിക്കുന്നത് ഒന്നാം നിലയിലാണ്. തന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ളയ്ക്ക് പടികള്‍ കയറി കോടതിയിലെത്തുന്നതിന് ശാരീരികമായ ബുദ്ധിമുട്ടുകളുള്ളതിനാല്‍ കോടതി മാറ്റണമെന്നായിരുന്നു ശ്രീറാമിന്റെ ആവശ്യം.

ശ്രീറാമിന്റെ ഹര്‍ജിയെ തുടര്‍ന്ന് കോടതി വിചാരണ ആരംഭിക്കുന്നതിനായി സാക്ഷികള്‍ക്ക് അയച്ച സമന്‍സ് തിരിച്ചു വിളിച്ച് ഹര്‍ജി പരിഗണിക്കുകയായിരുന്നു. കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി മാറ്റി. ഇനി വിചാരണ നടക്കാന്‍ പോകുന്ന തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതി താഴത്തെ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.

2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ വാഹനം ഇടിച്ച് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്. അമിത വേഗത്തിലെത്തിയ കാര്‍ ബിഷീര്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. മദ്യപിച്ച് അമിത വേഗത്തില്‍ അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.