നെന്മാറ ഇരട്ടക്കൊല: സ്റ്റേഷന് മുന്നിലെ ജനകീയ പ്രതിഷേധത്തില്‍ കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെ കേസ്

 നെന്മാറ ഇരട്ടക്കൊല: സ്റ്റേഷന് മുന്നിലെ ജനകീയ പ്രതിഷേധത്തില്‍ കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെ കേസ്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ ജനകീയ പ്രതിഷേധത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. പ്രതിയെ പിടികൂടിയതറിഞ്ഞ് നെന്മാറ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയ നാട്ടുകാരുടെ പ്രതിഷേധത്തില്‍ സ്റ്റേഷന്റെ ഗേറ്റും കവാടവും തകര്‍ന്നിരുന്നു.

പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തത്. പ്രതി ചെന്താമരയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ രോഷ പ്രകടനം. പ്രതിഷേധം അക്രമാസക്തമായതോടെ നാട്ടുകാരെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തി വീശേണ്ടി വന്നു. തുടര്‍ന്ന് ചെന്താമരയെ പുലര്‍ച്ചെയോടെ ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റുകയായിരുന്നു.

നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പദ്ധതി കൃത്യമായി നടപ്പാക്കിയതിന്റെ സന്തോഷത്തിലാണ് പ്രതി. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊല നടത്തുന്നതിന് കൊടുവാള്‍ വാങ്ങിയിരുന്നു. മുന്‍വൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണ്. ചെന്താമര പുറത്തിറങ്ങിയാല്‍ ഒരു പ്രദേശത്തിന് മുഴുവന്‍ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.