ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ ഫണ്ട് വെട്ടിക്കുറച്ചത് പിന്‍വലിക്കണം: സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ ഫണ്ട് വെട്ടിക്കുറച്ചത് പിന്‍വലിക്കണം: സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍

കൊച്ചി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്കായി ബജറ്റില്‍ നീക്കിവച്ച തുക വലിയ തോതില്‍ വെട്ടിക്കുറച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

അനീതിപരമായ 80:20 അനുപാതത്തിലൂടെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ദീര്‍ഘനാളത്തേക്ക് നിഷേധിക്കപ്പെട്ടിരുന്നു.കോടതി ഇടപെടലിലൂടെ ഈ അനീതി ഒഴിവാക്കിയ ശേഷം അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ട് മൂന്ന് വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.

ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഈ വര്‍ഷം സ്‌കോളര്‍ഷിപ്പിനായി വകയിരുത്തിയ തുകയില്‍ വലിയ തോതില്‍ വെട്ടിക്കുറവ് വരുത്തിയത് സംശയകരമാണ്. ഈ വര്‍ഷത്തെ പല സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ച ശേഷമാണ് വന്‍തോതില്‍ തുക വെട്ടിക്കുറച്ചിരിക്കുന്നത്.

ഓരോ വിഭാഗത്തിലും സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം കുറയ്ക്കുന്ന ഈ നടപടി ന്യൂനപക്ഷ വിദ്യാര്‍ത്ഥികളോടുള്ള അനീതിയായി കണക്കാക്കേണ്ടിവരുമെന്ന് പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടാനോ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനോ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തയ്യാറായിട്ടില്ല.മാത്രമല്ല നിലവിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ കൂടി അപ്രസക്തമാക്കുന്ന രീതിയിലേക്ക് തീരുമാനങ്ങളെടുക്കുന്നു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ ഫണ്ടുകള്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്നും ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി പ്രസിദ്ധീകരിച്ച് ഇടക്കാല ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.