'വിമത വൈദികര്‍ക്ക് പിന്തുണ: ജില്ലാ കോണ്‍ഗ്രസ് നേതാക്കളുടെ നടപടിയില്‍ കെ.സുധാകരനും വി.ഡി സതീശനും നിലപാട് വ്യക്തമാക്കണം'

'വിമത വൈദികര്‍ക്ക് പിന്തുണ: ജില്ലാ കോണ്‍ഗ്രസ് നേതാക്കളുടെ നടപടിയില്‍ കെ.സുധാകരനും വി.ഡി സതീശനും നിലപാട് വ്യക്തമാക്കണം'

കൊച്ചി: കുര്‍ബാന വിഷയവുമായി ബന്ധപ്പെട്ട് അതിരൂപതയിലെ കുറ്റക്കാരായ വൈദികരെ പിന്തുണച്ച് പ്രസംഗിച്ച കോണ്‍ഗ്രസ് ജില്ലാ നേതാവ് ഉള്‍പ്പെടെയുള്ള എംഎല്‍എമാരുടെ നടപടിയില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നിലപാട് വ്യക്തമാക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷന്‍ (സിഎന്‍എ ) ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ കുര്‍ബാന തര്‍ക്ക വിഷയത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ആവശ്യമില്ല. ബിഷപ് ഹൗസിലേക്ക് തെറ്റായ മാര്‍ഗത്തിലൂടെ അതിക്രമിച്ച് കടന്ന് സഭാ വിരുദ്ധ സമരം നടത്തിയ വൈദികരെ സംരക്ഷിക്കുന്ന ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റും ചില ജനപ്രതിനിധികളും അവരുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം.

തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സഭാ സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതില്‍ കൈ കടത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് സിഎന്‍എ അല്‍മായ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ബിഷപ് ഹൗസിന്റെ ഗേറ്റ് തല്ലി പൊളിച്ച് അകത്ത് കടന്ന് മാധ്യമ പ്രവര്‍ത്തകരെയും നിയമപാലകരെയും മറ്റും ആക്രമിച്ചവര്‍ക്കെതിരെയാണ് ശിക്ഷാ നടപടി വേണ്ടത്. ഇതൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ കാണാതെ പോയത് വിചിത്രമാണ്.

കോണ്‍ഗ്രസിന്റെ നേതൃ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇനിയും യഥാര്‍ത്ഥ വസ്തുത മനസിലാക്കാതെ പക്ഷപാതപരമായ നിലപാടുകളുമായി മുന്നോട്ട് പോയാല്‍ പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികള്‍ക്ക് കാത്തലിക്ക് നസ്രാണി അസോസിയേഷന്‍ രൂപം കൊടുക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

വിഷയം ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി മൂന്നിന് സഭാ അനൂകൂല സംഘടനകളുടെ സംയുക്ത യോഗം കൊച്ചിയില്‍ ചേരും.വിമത വൈദികര്‍ക്കെതിരായി കാനോനിക നടപടികള്‍ നടപ്പിലാക്കുവാന്‍ സഭ നേതൃത്വം സര്‍ക്കാര്‍ സഹായം ആവശ്യപ്പെടണം. വിശ്വാസികളെ തെറ്റിധരിപ്പിച്ച് തെരുവിലിറക്കി സഭയ്ക്കും മെത്രാന്‍മാര്‍ക്കും പോലീസിനും എതിരായി സമരം ചെയ്യുന്നത് നീതികരിക്കാനാവില്ല.

സഭാ വിരുദ്ധ സമരങ്ങള്‍ വിശ്വാസികള്‍ ബഹിഷ്‌കരിക്കണം. അനുസരണക്കേട് കാണിക്കുന്ന വൈദികര്‍ നടത്തുന്ന കൂദാശ കര്‍മങ്ങളിലും വിശ്വാസികള്‍ പോകരുത്. അനുദിനം സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചില പുരോഹിതര്‍ക്കും അല്‍മായര്‍ക്കും എതിരെ കടുത്ത ശിക്ഷ നടപടി എടുക്കാന്‍ സഭാ നേതൃത്വം തയ്യാറാകണം. ഇവരുടെ സാമ്പത്തിക ശ്രോതസുകളെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നും കാത്തലിക്ക് നസ്രാണി അസോസിയേഷന്‍ ആവശ്യപ്പെട്ടു.

പത്ര സമ്മേളനത്തില്‍ സിഎന്‍എ ഭാരവാഹികളായ ഡോ. എം.പി. ജോര്‍ജ്, ജോസ് പാറേക്കാട്ടില്‍, ഷൈബി പാപ്പച്ചന്‍, ജോസ് അറയ്ക്കത്താഴം, ബൈജു ഫ്രാന്‍സിസ്, എന്‍.എ. സെബാസ്റ്റ്യന്‍, ജോസഫ് അമ്പലത്തിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.