വാഹന നികുതി: ഒറ്റതവണ നികുതി കുടിശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

 വാഹന നികുതി: ഒറ്റതവണ നികുതി കുടിശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

തിരുവനന്തപുരം: മോട്ടോര്‍ വാഹന നികുതി ഒറ്റതവണ നികുതി കുടിശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും. കുടിശിക ഇളവുകളോടെ ബാധ്യതയില്‍ നിന്നും നിയമ നടപടികളില്‍ നിന്നും ഒഴിവാകാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 2020 മാര്‍ച്ച് 31 വരെ നികുതി ഒടുക്കിയതിന് ശേഷം നികുതി ഒടുക്കുവാന്‍ കഴിയാത്ത വാഹന ഉടമകള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

2020 ഏപ്രില്‍ ഒന്ന് മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള നികുതിയും അധിക നികുതിയും പലിശയും ഉള്‍പ്പെടുന്ന ആകെ തുകയുടെ 30 ശതമാനം മാത്രം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 40 ശതമാനം മാത്രം നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ഒടുക്കി നികുതി ബാധ്യത ഒഴിവാക്കാം. 2020 മാര്‍ച്ച് 31 വരെയുള്ള നികുതി കുടിശിക പൂര്‍ണമായും ഒഴിവാക്കി.

വാഹനത്തിന്റെ രജിസ്ട്രേഷന്‍ നിലനില്‍ക്കുന്ന ആര്‍.ടി.ഒ/സബ് ആര്‍ടി ഓഫീസുകളില്‍ കുടിശിക തീര്‍പ്പാക്കാന്‍ സൗകര്യമുണ്ട്. പദ്ധതി പ്രകാരം നികുതി ഒടുക്കുന്നതിന് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വരിസംഖ്യ അടച്ച രശീത് എന്നിവ ആവശ്യമില്ല. വാഹനത്തെ സംബന്ധിച്ച് രജിസ്ട്രേഡ് ഉടമക്ക് അറിവില്ലാതിരിക്കുകയോ വാഹനം മോഷണം പൊയെങ്കിലോ വാഹനം പൊളിച്ചു കളഞ്ഞെങ്കിലോ വാഹനം നശിച്ചു പോയെങ്കിലോ ഈ പദ്ധതി പ്രകാരം 2024 മാര്‍ച്ച് 31 വരെയുള്ള നികുതി ബാധ്യത തീര്‍ക്കാം.

എന്തെങ്കിലും കാരണവശാല്‍ വാഹനം നിരത്തില്‍ സര്‍വീസ് നടത്തുന്നതായി കണ്ടെത്തിയാല്‍ 2024 ഏപ്രില്‍ ഒന്ന് മുതലുള്ള നികുതി ഒടുക്കണമെന്നുള്ള വ്യവസ്ഥയ്ക്ക് വിധേയമായി തുടര്‍ന്നുള്ള നികുതി ബാധ്യതയില്‍ നിന്നും ഒഴിവാക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.